ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ യുഡിഎഫിന്

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെ കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കും. ഇതോടെ കേരളാ കോണ്‍ഗ്രസ് (എം) ആര്‍ക്കൊപ്പമെന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി.
ഇന്നലെ രാവിലെ 10.30ന് പാലായിലെ കെ എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉപസമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. അതേസമയം, കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. മുന്നണി പ്രവേശനം പിന്നീട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകീട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെങ്ങന്നൂര്‍ നിയോജകമണ്ഡലം യോഗം ചേര്‍ന്ന് തീരുമാനം പ്രവര്‍ത്തകരെ അറിയിച്ചു. യുഡിഎഫുമായി മലപ്പുറം വേങ്ങര മോഡല്‍ സഹകരണമാണ് ഉണ്ടാവുക. യുഡിഎഫ് കണ്‍വന്‍ഷനില്‍ കേരളാ കോണ്‍ഗ്രസ് പങ്കെടുക്കില്ല. പകരം കേരളാ കോണ്‍ഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയെ പങ്കെടുപ്പിക്കും. നാളെ ആദ്യ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചെങ്ങന്നൂരില്‍ ചേരും. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും പി ജെ ജോസഫും പങ്കെടുക്കും.
യുഡിഎഫിനോടുള്ള ശത്രുത അവസാനിച്ചോ എന്ന  ചോദ്യത്തിന്, ശത്രുക്കളോടുപോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്നായിരുന്നു മാണിയുടെ മറുപടി. യോഗത്തിനു മുമ്പ് പി ജെ ജോസഫും കെ എം മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇവരെ കൂടാതെ ജോസ് കെ മാണി, ജോയ് എബ്രഹാം, റോഷി അഗസ്റ്റിന്‍, പി ടി ജോസ്, സി എഫ് തോമസ്, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗം. എന്നാല്‍, ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ ജോസഫ് വിഭാഗം ഉറച്ചുനിന്നതോടെയാണ് പ്രശ്‌നപരിഹാരത്തിന് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് ഉപസമിതി അന്തിമനിലപാടില്‍ എത്തിച്ചേര്‍ന്നത്.
Next Story

RELATED STORIES

Share it