Alappuzha local

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ നാടിറങ്ങി

ചെങ്ങന്നൂര്‍: ആസന്നമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രമുഖ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പൂര്‍ത്തിയായതോടെ വോട്ട് അഭ്യര്‍ഥിച്ചും പ്രമുഖരെ നേരില്‍കണ്ടും ചെറുകുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാനും സ്ഥാനാര്‍ത്ഥികള്‍ നാടിറങ്ങിത്തുടങ്ങി. ഇടതുവലത്, എന്‍ഡിഎ ഭേദമില്ലാതെ സ്ഥാനാര്‍ത്ഥികളെല്ലാം ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നത് പ്രധാന ജനവാസ കേന്ദ്രങ്ങളിലെ സാധാരണക്കാരെയും ഇടത്തട്ടുകാരെയും പാവങ്ങളെയുമാണ്. തങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും ലക്ഷ്യം.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനം പ്രസംഗത്തിലും പ്രചരണങ്ങളിലും ഉന്നയിക്കാറുണ്ടെങ്കിലും പലപ്പോഴും പ്രാവര്‍ത്തികമാക്കുന്നതില്‍ പിന്നോക്കമാണെന്ന് പൊതുവെ ആക്ഷേപമുണ്ട്. ഇതിനെ മറികടക്കാനാണ് ഞങ്ങളും നിങ്ങള്‍ക്കൊപ്പം എന്ന് ബോധ്യപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥികള്‍ ഗ്രാമപ്രദേശങ്ങളില്‍ പര്യടനം നടത്തുന്നത്. മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങളായ മണ്‍പാത്രനിര്‍മ്മാണം, കല്ലുകൊത്ത്, വിഗ്രഹ നിര്‍മാണം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചുവരുന്ന വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട നിരവധി വോട്ടര്‍മാര്‍ അധിവസിക്കുന്ന മാന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെല്ലാം എത്തിക്കഴിഞ്ഞു.
എന്നാല്‍ തികച്ചും സാമ്പത്തിക ഉന്നമനമില്ലാത്ത ചുറ്റുപാടില്‍ അധിവസിക്കുന്ന ഇവരുടെ ജീവിതം മെച്ചപ്പെടുത്താനോ, അടച്ചുറപ്പുള്ള വീടുകളോ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഒരുക്കിക്കൊടുക്കാനോ നാളിതുവരെ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇക്കുറി ആലോചിച്ചുറപ്പിച്ച് തീരുമാനമെടുക്കുമെന്ന് ഈ ജനവിഭാഗത്തില്‍നിന്നുള്ള പ്രമുഖര്‍ പറയുന്നു.
മണ്ഡലത്തിലെ മറ്റൊരു പ്രമുഖ വ്യവസായമായിരുന്നു ഇഷ്ടിക നിര്‍മ്മാണം. പുലിയൂര്‍ ബുധനൂര്‍, എണ്ണയ്ക്കാട്, മാന്നാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായിരുന്ന ഇഷ്ടികച്ചൂളകള്‍ ഇന്ന് കണികാണാന്‍പോലും ഇല്ലാത്ത സ്ഥിതിയാണ്. ഇഷ്ടിക നിര്‍മ്മാണത്തിനാവശ്യമായ ചെളിയുടെ ലഭ്യതക്കുറവും, തൊഴിലാളികളുടെ ക്ഷാമവുമാണ് ഇതിന് കാരണം. തൊഴിലിടങ്ങളില്‍ സമരവും അടച്ചുപൂട്ടലും പിന്തുടരാന്‍ അണികള്‍ക്ക് ആഹ്വാനം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങള്‍ക്ക് വിനയായതെന്ന് ചൂളനടത്തിപ്പുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇഷ്ടിക നിര്‍മ്മാണത്തിനുവേണ്ട ചെളിയെടുക്കുന്നതിന്റെപേരില്‍ ലക്ഷങ്ങള്‍ കൈമടക്കു വാങ്ങുന്നവര്‍ തങ്ങളുടെ വ്യവസായത്തിന്റെ നടത്തിപ്പിന് ഭീഷണിയാണെന്നും ഉടമസ്ഥര്‍ പറയുന്നു.
മത്സ്യ വിപണന രംഗത്തും ഏറെ തൊഴിലാളികളുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. എന്നാല്‍ ആരോഗ്യകരമായ ചുറ്റുപാടില്‍ മത്സ്യ കച്ചവടം നടത്താന്‍ മണ്ഡലത്തില്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും നിരവധി നാട്ടുചന്തകള്‍ അപ്രത്യക്ഷമായെന്നും വ്യാപാരികള്‍ പറയുന്നു. പൊതു സ്ഥലത്ത് മത്സ്യ കച്ചവടം നടത്തുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിക്കായി വന്‍ പണച്ചിലവ് വേണ്ടിവരുന്നതായും ഇതിന്റെപേരില്‍ കൈക്കൂലിയിനത്തിലും വന്‍ തുക നഷ്ടമാകുന്നതായും തൊഴിലാളികള്‍ പറയുന്നു.
മത്സ്യ വ്യാപാരികള്‍ കേന്ദ്രീകരിച്ചിട്ടുള്ള മാന്നാര്‍, കൊല്ലകടവ്, വെണ്മണി, പുന്തല, മുളക്കുഴ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇവരുടെ ജീവിത സാഹചര്യവും വളരെ മോശമാണ്. മുന്നണികളോ പാര്‍ട്ടികളോ തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇവരും പറയുന്നു. അതിനാല്‍ ഇക്കുറി വോട്ട് ആലോചിച്ച് മാത്രമെന്നാണ് ഇവരുടെ പക്ഷം. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്കും മണ്ഡലത്തില്‍ വോട്ടുബലമുണ്ട്. കശുവണ്ടി മേഖലയിലും വന്‍കിട ഫാക്ടറികള്‍ പ്രവര്‍ത്തിച്ച മണ്ഡലമാണിത്. എന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന ഫാക്ടറി അടച്ചുപൂട്ടിക്കാനല്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരു പാര്‍ട്ടിയുടെയും സഹായമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
വന്‍ വ്യവസായശാലയായിരുന്ന മുളക്കുഴ പഞ്ചായത്തിലെ പ്രഭുറാം മില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇത് പുനരുദ്ധരിക്കാനോ തൊഴിലാളി ക്ഷേമത്തിനോ ആരും മുന്‍കയ്യെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുറപ്പിക്കാന്‍ ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് എത്തുന്നതല്ലാതെ ആത്മാര്‍ത്ഥമായ സമീപനം ആരില്‍നിന്നും ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളിപക്ഷം. ഈ സാഹചര്യങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടുതിരക്കി നാടിറങ്ങേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it