Alappuzha local

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മുന്നണി സ്ഥാനാര്‍ഥികള്‍ രംഗത്ത് സജീവം

മാന്നാര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് അങ്കം കുറിച്ച് മുന്നണി പോരാളികള്‍ രംഗത്തിറങ്ങിയതോടെ രംഗം സജീവമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാകുമെന്ന ധാരണയില്‍ മുന്നണികള്‍ ഒരു മാസം മുമ്പേ തന്നെ മുന്നൊരുക്കം തുടങ്ങിയിരുന്നു.ബിജെപിയും സിപിഎം നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.
എന്നാല്‍ മുന്നണികള്‍ മൂന്നും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുവെങ്കിലും ഔദ്യോഗിമായി പ്രഖാപിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമേ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ മുന്നണികള്‍ പ്രഖ്യാപിക്കുകയുള്ളു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമിറന്റെ സ്ഥാനാര്‍ഥിത്വം വൈകി വന്ന അംഗീകാരമായിട്ടാണ് എല്ലാവരും കാണുന്നത്.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്.ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യുട്ടീവ് കമ്മറ്റിയംഗവുമാണ്.അഖില ഭാരതീയ അയ്യപ്പസേവാ സംഘം ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഇദ്ദേഹം ചെങ്ങന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ്.ചെങ്ങന്നൂര്‍ കാര്‍ഷികവികസനബാങ്കിന്റെ പ്രസിഡന്റാണ്.കഴിഞ്ഞ കുറെ നാളുകളായി തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് വിജയകുമാറിന്റേത്.അന്തരിച്ച ലീഡര്‍ കെ കരുണാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1986 ല്‍ മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും അവസാന നിമിഷം എന്‍ഡിപിക്ക് സീറ്റ് നല്‍കിയതിനാല്‍ ഒഴിവാകേണ്ടി വന്നു.
പിന്നീട് 1991-ല്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നപ്രചാരണം ശക്തമായി നില്‍ക്കേ അവസാന നിമിഷം അപ്രതീക്ഷിതമായി ശോഭനാജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.പിന്നീട് ശോഭനാജോര്‍ജ് രാജി വച്ച് ഡിഐസിയില്‍  ചേര്‍ന്ന ശേഷം വീണ്ടും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ അതിലും മുന്‍ പന്തിയില്‍ ഡി വിജയകുമാറിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ആ തവണയും ഭാഗ്യം തുണച്ചില്ല,പകരം  പി സി വിഷ്ണുനാഥ് സ്ഥാനാര്‍ഥിയാകുകയായിരുന്നു.പല തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടന്ന് കൂടിയ ശേഷം തഴയപ്പെട്ട ഡി വിജയകുമാറിന് വൈകിവന്ന അംഗികാരമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം.നിയമസഭയിലേക്ക് കന്നി അങ്കം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ എസ്എഫ്‌ഐ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.എ—സ്എഫ്‌ഐ ചെങ്ങന്നൂര്‍ താലൂക്ക് പ്രസിഡന്റ്,സെക്രട്ടറി,ജില്ലാ പ്രസിഡന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് യുവജന പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനായി.സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് സെക്രട്ടറി,ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റിയംഗമായും  പ്രവര്‍ത്തിക്കുന്നു. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെയുള്ള മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ  വിജയിപ്പിക്കാന്‍ കഴിഞ്ഞത് ഏറെ പ്രശംസക്ക് കാരണമായി.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റായിരിക്കെ നടത്തിയ മികവാര്‍ന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ ജന ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തില്‍ പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. ഇപ്പോള്‍ നിയമസഭയിലേക്ക് രണ്ടാം അങ്കം.എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ഥി പിഎസ്ശ്രീധരന്‍പിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും മല്‍സരിക്കുന്നത്.ശക്തമായ ത്രികോണ മല്‍സരത്തിലൂടെ മറ്റ് മുന്നണി സ്ഥാനാര്‍ഥികളെ ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ചെങ്ങന്നൂര്‍ വെണ്‍ണിസ്വദേശിയായ ശ്രീധരന്‍ പിള്ള പന്തളം എന്‍എസ്എസ് കോളജിലെ പഠത്തിന് ശേഷം കോഴിക്കോട് ലോ കോളജില്‍ നിന്നും അഭിഭാഷകപഠനം പൂര്‍ത്തിയാക്കി.വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായികൊണ്ട് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്നു.ബിജെപി ദേശീയ നിര്‍വാഹസമിതിയംഗമായിപ്രവര്‍ത്തിക്കുന്നു. പ്രമാദമായ നിരവധി കേസുകള്‍ വാദിച്ച് ശ്രദ്ധനേടിയ പ്രഗല്‍ഭനായ അഭിഭാഷകന്‍,നിരൂപകന്‍,ഗ്രന്ഥരചയിതാവ്,സാഹിത്യകാരന്‍,പത്ര പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുടെ ഉടമയാണ് ശ്രീധരന്‍ പിള്ള.നിയമസഭയിലേക്കുള്ള രണ്ടാം അങ്കമാണ്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ കൂടാതെ ലോക്ദള്‍,എസ്‌യുസിഐ,ജനപക്ഷം എന്നിവരുടെ സ്ഥാനാര്‍ത്ഥികളും ചില സ്വതന്ത്രരും രംഗത്തുണ്ടാകും.കേരളാകോണ്‍ഗ്രസ്(എം)നിലപാട് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.എന്തായാലും ഇനിയുള്ള ദിനങ്ങള്‍ ചെങ്ങന്നൂരില്‍ പോരാട്ടവീര്യം ശക്തമാകും. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.
Next Story

RELATED STORIES

Share it