Alappuzha local

ചെങ്ങന്നൂര്‍ ഇടക്കടവ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമായി

ആലപ്പുഴ: ചെങ്ങന്നൂരിന്റെ സ്വപ്‌നപദ്ധതിയായ പാണ്ടനാട് ഇടക്കടവ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായി. ആലപ്പുഴ ജില്ലയ്ക്കും പത്തനംതിട്ട ജില്ലയ്ക്കുമിടയില്‍ പമ്പാതീരത്ത് ഇത്തരത്തിലൊരു വിനോദസഞ്ചാരകേന്ദ്രം സ്ഥാപിക്കുകയെന്നത്  ചെങ്ങന്നൂരിന്റെ സ്വപ്‌നമായിരുന്നു. കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ തനതു വൃക്ഷങ്ങള്‍ നിലനിര്‍ത്തികൊണ്ട് പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ പമ്പയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനാവും വിധമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പാണ്ടനാട് ഗ്രാമപ്പഞ്ചായത്തില്‍ വില്ലേജ് ഓഫിസിനോട് ചേര്‍ന്ന് രണ്ടര ഏക്കര്‍ സ്ഥലത്താണ് ടൂറിസം പദ്ധതി പൂര്‍ത്തിയായത്.
ഓഫിസ് സമുച്ചയവും ടിക്കറ്റ് കൗണ്ടറും കഫെറ്റീരീയയും കുട്ടികള്‍ക്കായുള്ള പാര്‍ക്കും മുതിര്‍ന്നവര്‍ക്കായുള്ള വിശ്രമസ്ഥലവും അടങ്ങിയതാണ് ഇടക്കടവ് ടൂറിസം പദ്ധതി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച 250ല്‍പരം ചെടികള്‍ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. വെള്ളപ്പൊക്കത്തില്‍നശിക്കാത്തവയും ചൂടിനെ അതിജീവിക്കുന്നതുമായ ചെടികളാണ് ഇവ.
ചുരുങ്ങിയ കാലയളവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കാട്ടുമരങ്ങളും പരുത്തികാടും നിറഞ്ഞ പ്രദേശത്ത് മനുഷ്യര്‍ക്ക് കടന്നുകയറാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പമ്പയുടെ തീരം കല്ലു കെട്ടി, പ്രദേശത്തുണ്ടായിരുന്ന ചെറിയ തോട് അതേ പടി തന്നെ കെട്ടി സംരക്ഷിച്ച് പാര്‍ക്കിനിണങ്ങുംവിധം സജ്ജീകരിക്കാനായി എന്നതും പ്രത്യേകതയാണ്.
പ്രകൃതിയ്ക്ക് യാതൊരു ക്ഷതവും ഏല്‍പ്പിക്കാത്ത പരിസ്ഥിതിസൗഹൃദ പാര്‍ക്കാണ് പാണ്ടനാടുള്ളത്.   വെള്ളപ്പൊക്കവും മഴയും ക്വാറിസമരവുമെല്ലാം പദ്ധതിയെ പ്രതികൂലമായി ബാധിച്ചെങ്കിലും 13 മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഡിറ്റി . പി.സി യ്ക്കായി. ഒന്നരകോടി രൂപയാണ് പദ്ധതി ചെലവ്.
Next Story

RELATED STORIES

Share it