Alappuzha local

ചെങ്ങന്നൂരില്‍ വീണ്ടും മോഷണം; വീട്ടില്‍നിന്നും മൂന്നര പവന്‍ കവര്‍ന്നു

ചെങ്ങന്നൂര്‍: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ചെങ്ങന്നൂരിലെ മോഷണ പരമ്പരയ്ക്ക് ഇന്നലെയും അറുതിയില്ല. വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ പേങ്ങാട്ട് മഠത്തില്‍ മലയില്‍ വീട്ടില്‍ ജയ ജി. നായരുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വളയും കൈ ചെയിനുമടക്കം മൂന്നര പവന്‍ സ്വര്‍ണ്ണമാണ് അപഹരിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി ചെങ്ങന്നൂരില്‍ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുളക്കുഴയില്‍ വീട്ടില്‍ കയറി വൃദ്ധയുടെ മാല കവര്‍ന്നതും പാണ്ടനാട്ട് അങ്കണവാടി അദ്ധ്യാപികയുടെ മാല തട്ടിയെടുത്തതും കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളജിന് സമീപം മോഷണ ശ്രമം നടന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്.  റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി രാത്രി പട്രോളിംഗ് ശക്തമാക്കുന്നതിന് എസ്.ഐ. എം. സുധിലാലിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ കടകളിലും വീടുകളിലുമുള്ള നിരീക്ഷണ ക്യാമറകളില്‍നിന്നും ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആലുവയില്‍ കുടുംബത്തെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ അന്യസംസ്ഥാനക്കാര്‍ക്കുവേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിന്റെ മറവില്‍ പ്രാദേശിക മോഷ്ടാക്കളാണ് ചെങ്ങന്നൂരിലെ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.രാത്രി മുഴുവന്‍ പട്രോളിംഗ് സജീവമാക്കി പോലീസ് മോഷ്ടാക്കളെ തേടി നടക്കുന്നുണ്ടെങ്കിലും മോഷണത്തിന് അറുതി വരുത്താനായിട്ടില്ല. രാത്രി വീടിനു ചുറ്റുമുള്ള ലൈറ്റുകള്‍ തെളിക്കണമെന്നും അസ്വാഭാവികമായി ആളുകളെയോ വാഹനങ്ങളെയോ കണ്ടാല്‍ പോലീസിനെ വിവരമറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മോഷണത്തിന് തടയിടാന്‍ ഇതുവരെ ആയിട്ടില്ല.
Next Story

RELATED STORIES

Share it