Flash News

ചെങ്ങന്നൂരില്‍ വീണത് മാണിയുടെ മുന്നണി മോഹം; മാണി ഇനി ഇരുമുന്നണിക്കും അനഭിമതന്‍

പി   എം   അഹ്്മദ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കരിഞ്ഞുപോയത് മാണിയുടെ മുന്നണി മോഹം. എല്‍ഡിഎഫ്് അനുകൂല നിലപാടുകളുമായി മുന്നോട്ടു പോവുന്നതിനിടെ അപ്രതീക്ഷിതമായാണ് മാണി യുഡിഎഫിന് പിന്തുണ നല്‍കിയത്.
പക്ഷേ, എല്ലാ അനുകൂല ഘടകങ്ങളെയും കാറ്റില്‍പ്പറത്തി യുഡിഎഫ് അമ്പേ പരാജയപ്പെട്ടപ്പോള്‍ മാണിയുടെ രാഷ്ട്രീയഭാവിയാണ് വഴിയടഞ്ഞത്. ചെങ്ങന്നൂരില്‍ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ മാണിയുമായി കൂട്ടുകൂടിയ യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തെത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി ജി സുനിലാണ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം അഴിമതിക്കാരനായ മാണിയെ തലയിലേറ്റിയതിന്റെ ദുരന്തമാണെന്ന് അഡ്വ. ടി ജി സുനില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
രണ്ടിലയ്ക്കു വേണ്ടി മതേതര ഇന്ത്യയുടെ എക്കാലത്തെയും പ്രതീക്ഷയായ കോണ്‍ഗ്രസ് എന്ന വടവൃക്ഷത്തിന്റെ വേരറുക്കരുതെന്ന മുന്നറിയിപ്പോടെയാണ് ടി ജി സുനില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വിഷയം ചര്‍ച്ചചെയ്യുന്നതിന് യൂത്ത്‌കോണ്‍ഗ്രസ് അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം നാളെ എറണാകുളം ഡിസിസി ഓഫിസില്‍ ചേരുമെന്നാണു സൂചന. കൂടാതെ മാണി ബന്ധത്തിനെതിരേ അടുത്ത കെപിസിസി യോഗം കലുഷിതമാവും. കോട്ടയം ഡിസിസിയുടെയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും എതിര്‍പ്പുകള്‍ മറികടന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ തീരുമാനം. ഇതിനെതിരേ തിരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടി ജില്ലയിലെ നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ആഞ്ഞടിക്കും.
ചെങ്ങന്നൂരില്‍ മാണിയുടെ പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ഡിഎഫിന് വോട്ടുചെയ്തതായും ഫലങ്ങള്‍ തെളിയിക്കുന്നു. മാണി പിന്തുണച്ചില്ലെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന ഭീതിയാണ് ആദ്യം മുതല്‍ പരത്തിയത്. ഈ ഭീതിയിലൂടെ മാണിയെ ഇടതുമുന്നണിയില്‍ എത്തിക്കാനായിരുന്നു ചിലരുടെ നീക്കം.  മാണിയുടെ പിന്തുണ ഇല്ലാതെ ചെങ്ങന്നൂരില്‍ വിജയിക്കുമ്പോള്‍ ഇടതുമുന്നണിയിലേക്കുള്ള എക്കാലത്തേക്കുമുള്ള വാതിലാണ് മാണിക്കു മുന്നില്‍ അടഞ്ഞത്.
Next Story

RELATED STORIES

Share it