Editorial

ചെങ്ങന്നൂരില്‍ വിജയം അവകാശപ്പെടുന്നവര്‍

എനിക്ക് തോന്നുന്നത് - അഡ്വ. എസ് എ കരീം, തിരുവനന്തപുരം
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28നു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. ഇടതുപക്ഷ സ്ഥാനാര്‍ഥി സിപിഎമ്മിലെ സജി ചെറിയാന്‍ ജയിച്ചാല്‍ രണ്ടു വര്‍ഷം പിന്നിട്ട ഇടതു ഭരണത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടും. ഇതിന്റെ പേരില്‍ ചെറിയ പാര്‍ട്ടികളുടെ കൈവശം ഇരിക്കുന്ന പാര്‍ലമെന്റ് സീറ്റുകള്‍ പിടിച്ചെടുക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരുണാകരഭക്തനും അയ്യപ്പസേവാസംഘത്തിന്റെ ഉപാധ്യക്ഷനുമായ നേതാവാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ രണ്ടു വര്‍ഷത്തെ ഇടതു ഭരണത്തിന്റെ പരാജയമെന്നായിരിക്കും കോണ്‍ഗ്രസ് പ്രചരിപ്പിക്കുക. ഇവരോടൊപ്പമാണ് വെണ്‍മണിയിലെ പി എസ് ശ്രീധരന്‍പിള്ള മല്‍സരിക്കുന്നത്. പിള്ള ജയിച്ചാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്വര്‍ഗതുല്യമാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ വാഗ്ദാനം ചെയ്തു മടങ്ങിയിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ആരോടും മമത കാണിക്കാതെ സര്‍വതന്ത്ര സ്വതന്ത്രമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് മാണി കോണ്‍ഗ്രസ്. അവരെ ഇടതില്‍ കൊണ്ടുവരാന്‍ സിപിഎം ശ്രമിക്കുന്നു. എന്നാല്‍ സിപിഐ മാണിയെ എതിര്‍ക്കുന്നു. സിപിഐയുടെ ദൃഷ്ടിയില്‍ മാണി അഴിമതിക്കാരനാണ്. മാണിയെപ്പോലെ അഴിമതിയാരോപണം നേരിടുന്നവര്‍ കേരള രാഷ്ട്രീയത്തിലും കേന്ദ്ര രാഷ്ട്രീയത്തിലുമുണ്ട്. അവരോടാരോടും ഇല്ലാത്ത പകയാണ് സിപിഐക്ക് മാണിയോട്.
സിപിഐ എന്നാല്‍ സിപിഎമ്മിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. അവര്‍ ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കില്ല. മാണി കോണ്‍ഗ്രസ്സിന്റെ സ്ഥിതി അതല്ല. അവര്‍ക്ക് മധ്യതിരുവിതാംകൂറില്‍ തനതായ അണികളും പിന്തുണയുമുണ്ട്. മാണി കോണ്‍ഗ്രസ് ആരുടെയും ഔദാര്യത്തില്‍ വളര്‍ന്നതല്ല. മാണി കോണ്‍ഗ്രസ് വന്നാല്‍ സിപിഐയുടെ മുന്നണിയിലെ രണ്ടാം സ്ഥാനം തെറിക്കും.
അഴിമതിക്കെതിരേ പോരാടുന്ന സിപിഐ 2014ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് വിറ്റു. അഴിമതിക്കെതിരേ സംസാരിച്ചവരെ പുറത്താക്കി. സിപിഐ സമീപകാലത്ത് വയനാട് ജില്ലയിലെ സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയത് അദ്ദേഹം റവന്യൂ വകുപ്പില്‍ അഴിമതി നടത്തിയതുകൊണ്ടാണ്. സ്വന്തമായി അഴിമതി നടത്തുക മാത്രമല്ല, അഴിമതിക്കാരെ മാലയിട്ട് സ്വീകരിച്ച പാരമ്പര്യമാണ് സിപിഐക്കുള്ളത്.
പിള്ള കോണ്‍ഗ്രസ്സിനെ ഇടതു മുന്നണിയില്‍ എടുത്തപ്പോള്‍ സിപിഐ മിണ്ടിയില്ല. ഏറ്റവും ഒടുവില്‍ എം പി വീരേന്ദ്രകുമാറും കുടുംബവും ഇടതു മുന്നണിയില്‍ എത്തി. അവര്‍ക്കെതിരേ വയനാട്ടില്‍ ഭൂമി വെട്ടിപ്പിടിച്ചതായി ആരോപണം നിലനില്‍ക്കുന്നു. ആരോപണം മാത്രമേ മാണിക്കെതിരേയുമുള്ളൂ. മാണി മാത്രം അഴിമതിക്കാരനും മറ്റെല്ലാ നേതാക്കളും ഹരിശ്ചന്ദ്രപുത്രന്മാരും എന്നു പറയുന്നതിന്റെ യുക്തിയാണ് മനസ്സിലാവാത്തത്.
ബിജെപിയുടെ സഖ്യത്തിലുള്ള പാര്‍ട്ടിയാണ് ഭാരത് ധര്‍മ ജനസേവാ പാര്‍ട്ടി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. അവര്‍ ബിജെപിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങിയിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സ്ഥാനം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. തുഷാറിനു വേണ്ടത് കേന്ദ്രമന്ത്രിസ്ഥാനമാണ്. അതു പരസ്യമായി പറഞ്ഞിട്ടില്ല. ഇതൊക്കെ കര്‍ണാടക തിരഞ്ഞെടുപ്പിനു മുമ്പ് കൊടുത്തില്ലെങ്കില്‍ തുഷാറും കൂട്ടരും മുന്നണി വിടുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it