ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് ചൂട്

എ   ജയകുമാര്‍
ചെങ്ങന്നൂര്‍/ആലപ്പുഴ:  ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് ചൂട് വ്യാപിക്കുന്നു. മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എല്ലാവരും രംഗത്തെത്തിക്കഴിഞ്ഞു. ഇടതുപക്ഷത്തുനിന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് അഡ്വ. ഡി വിജയകുമാറും ബിജെപിക്കു വേണ്ടി പി എസ് ശ്രീധരന്‍പിള്ളയുമാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന ചെങ്ങന്നൂരില്‍ ഇക്കുറി യുഡിഎഫിന് അനുകൂലമാവും എന്ന പ്രതീക്ഷയിലാണ് അഡ്വ. ഡി വിജയകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യകാലത്ത് കോണ്‍ഗ്രസ് (ഐ) വിഭാഗം നേതാവായിരുന്ന ഇദ്ദേഹം അടുത്തകാലത്താണ് എ വിഭാഗത്തിലേക്കു കൂറുമാറിയത്.
അതുകൊണ്ടുതന്നെ ഏതുവിധേനയും വിജയിപ്പിച്ചെടുക്കേണ്ട ചുമതല എ വിഭാഗത്തിനുണ്ട്. വിജയകുമാറിന്റെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ യുഡിഎഫ് സ്വാധീനവും പ്രയോജനപ്പെടും എന്നാണ് യുഡിഎഫ് ക്യാംപിന്റെ കണക്കുകൂട്ടല്‍.
ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മണ്ഡലത്തിലും ജില്ലയിലുടനീളവും സുപരിചിതനും മികച്ച സംഘാടകനുമാണ്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മുളക്കുഴ പഞ്ചായത്ത് നിവാസിയാണ്. യുവാക്കളുടെ ഇടയിലും ബഹുജനങ്ങളുടെ ഇടയിലുമുള്ള പ്രവര്‍ത്തന പരിചയം വോട്ടായി മാറുമെന്നും കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കുമെന്നുമാണ് ഇടതു നേതാക്കളുടെ പ്രതീക്ഷ.
അതേസമയം ബിജെപി എന്‍ഡിഎ സഖ്യത്തിനുവേണ്ടി മല്‍സരിക്കുന്ന പി എസ് ശ്രീധരന്‍ പിള്ള ജന്‍മംകൊണ്ട് ചെങ്ങന്നൂര്‍ സ്വദേശിയെങ്കിലും വര്‍ഷങ്ങളായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ്. കഴിഞ്ഞതവണ മല്‍സരിച്ചപ്പോള്‍ ഇദ്ദേഹത്തിന് 42,000 വോട്ടുകള്‍ ലഭിച്ചിരുന്നു. അതോടൊപ്പം പുതിയ ബിജെപി അനുകൂല സാഹചര്യംകൂടി മുതലെടുത്ത് വിജയിക്കാം എന്നാണ് പ്രതീക്ഷ.
എന്നാല്‍ ബിഡിജെഎസ് പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് കഴിഞ്ഞതവണ ബിജെപിക്ക് ഇവിടെ വോട്ട് വര്‍ധനയുണ്ടായത്. ഇക്കുറി പിന്തുണ പിന്‍വലിച്ചു എന്നു മാത്രമല്ല, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം,   ബിഡിജെഎസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരില്‍ ബിജെപിക്കു മികവു പുലര്‍ത്താന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു .  ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ടു കുറയുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി.
Next Story

RELATED STORIES

Share it