ചെങ്ങന്നൂരില്‍ ചതുഷ്‌കോണ മല്‍സരം

എ ജയകുമാര്‍

ചെങ്ങന്നൂര്‍: പ്രതികൂലാവസ്ഥയിലും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ്. തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്. ചരിത്രനേട്ടത്തിനായി ബിജെപി. വിജയചരിത്രം ആവര്‍ത്തിക്കാന്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജും സ്വതന്ത്രയായി മല്‍സര രംഗത്ത് എത്തിയതോടെ ചെങ്ങന്നൂര്‍ മണ്ഡലം ചതുഷ്‌കോണ മല്‍സരത്തിന്റെ ചൂടില്‍ അമര്‍ന്നു.
നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിറ്റിങ് എംഎല്‍എ പി സി വിഷ്ണുനാഥ് മൂന്നാംതവണ മല്‍സരിക്കാനെത്തുന്നത്. മുന്‍ എംഎല്‍എ വിമതയായി മല്‍സര രംഗത്ത് ഉണ്ടെങ്കിലും തന്റെ വിജയപ്രതീക്ഷകളെ കാര്യമായി ബാധിക്കില്ലെന്നാണ് വിശ്വാസം. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും കടകളും ടൗണുകളും കേന്ദ്രീകരിച്ചാണ് വിഷ്ണുനാഥ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശോഭനാ ജോര്‍ജ് മല്‍സര രംഗത്തെത്തിയത് യുഡിഎഫിനുള്ളില്‍ വിള്ളലുണ്ടാക്കുമെന്നും അത് തങ്ങളുടെ വിജയത്തിന് കാരണമായി മാറുമെന്നുമുള്ള കണക്ക്കൂട്ടലിലാണ് എല്‍ഡിഎഫ്. മാത്രമല്ല കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ട് വര്‍ധനവും എല്‍ഡിഎഫ് പാളയത്തില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ കാലതാമസത്തെ സംഘടനാ പാടവത്തിലൂടെ മറികടന്ന് പ്രചാരണ രംഗത്ത് മുന്നേറുകയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ കെകെആര്‍ എന്നറിയപ്പെടുന്ന കെ കെ രാമചന്ദ്രന്‍ നായര്‍. സോളാറും കുടിവെള്ളക്ഷാമവും ഉള്‍പ്പെടെയുള്ള വിഷയങ്ങളും വികസന മുരടിപ്പും എല്‍ഡിഎഫ് പ്രധാന പ്രചാരണായുധമാക്കും.
ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ അധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ആദ്യം എത്തിയത് ബിജെപിയാണ്. മറ്റുള്ളവര്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതിന് മുമ്പുതന്നെ ശ്രീധരന്‍പിള്ള മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒരു ചുവട് മുന്നിലെത്തി.
പോസ്റ്ററുകളും ചുവരെഴുത്തുകളും ആദ്യം നടത്തിയ ഇവര്‍ സംഘപരിവാര സംഘടനകളുമായി ചേര്‍ന്ന് ചിട്ടയായപ്രവര്‍ത്തനമാണ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണ വോട്ട് ചോര്‍ച്ച ഉണ്ടാവില്ലെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിട്ടിയ 38,000 വോട്ട് വിജയത്തിന്റെ ആധാരശിലയാവുമെന്നും പിള്ള പ്രതീക്ഷിക്കുന്നു. മാത്രമല്ല ബിജെഡിഎസുമായുള്ള സഖ്യം ചെങ്ങന്നൂരില്‍ താമര വിരിയാന്‍ അനുകൂല ഘടകമാവുമെന്നാണ് പ്രതീക്ഷ.
ചെങ്ങന്നൂരില്‍ തനിക്കുള്ള സ്വാധീനം മറ്റ് സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും അവകാശപ്പെടാനില്ലെന്നും എംഎല്‍എ ആയിരുന്നപ്പോള്‍ താന്‍ നടപ്പാക്കിയ വികസന പദ്ധതികളല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും ശോഭന പറയുന്നു. അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച ശോഭന ജോര്‍ജ് സ്വതന്ത്രയായിട്ടാണ് മല്‍സരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വവും ആശയക്കുഴപ്പവും എല്‍ഡിഎഫില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അണികളില്‍ ഉടലെടുത്ത അതൃപ്തി തനിക്ക് അനുകൂല ഘടകമായി മാറുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗവും മറ്റുചില ഘടകങ്ങളും അനുകൂലമാവുന്നതോടെ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് ശോഭന. പോസ്റ്ററുകളും ചുവരെഴുത്തുകളും ഉള്‍പ്പെടെ ശക്തമായ പ്രചാരണവുമായി ശോഭന സജീവമാണ്.
Next Story

RELATED STORIES

Share it