Flash News

ചെങ്ങന്നുര്‍ ഉപതിരഞ്ഞടുപ്പ്: തോല്‍വി ഏറ്റെടുക്കുന്നതായി ചെന്നിത്തല

ചെങ്ങന്നുര്‍ ഉപതിരഞ്ഞടുപ്പ്: തോല്‍വി ഏറ്റെടുക്കുന്നതായി ചെന്നിത്തല
X


തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഒരാളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരില്‍ മാത്രം കെട്ടിവയ്ക്കാനാവില്ല. തെരഞ്ഞെടുപ്പു തോറ്റതിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും താന്‍ അത് ഏറ്റെടുക്കുന്നതായും ചെന്നിത്തല പറഞ്ഞു.ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പു തര്‍ക്കം ഇല്ലായിരുന്നു. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്ലാവരും കഴിവിന് അനുസരിച്ച് പരമാവധി ശ്രമിച്ചിട്ടുണ്ട്. തോല്‍വിയുടെ പേരില്‍ ആരെയെങ്കിലും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതു ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
പ്രവര്‍ത്തനത്തില്‍ സംഘടനാപരമായ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച ചെന്നിത്തല ഇതു പരിഹരിച്ചുമുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അഭിപ്രായപെട്ടു.ഒരു തെരഞ്ഞെടുപ്പു തോല്‍വിയോടെ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്സെന്നും, ഇപ്പോള്‍ ഇടതു മുന്നണി സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയാണ് ചെയ്തത്, അതിന് ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും എല്‍ഡിഎഫും മണ്ഡലത്തില്‍ പണം ഒഴുക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഒരു ഉത്തരവാദിത്വവുമില്ലാതെ കുറ്റപ്പെടുത്തലുകള്‍ നടത്തുകയാണ്. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് കെഎസ്‌യുവിന്റെ  വേദിയില്‍ ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പു തോല്‍വിയില്‍ കെഎസ്‌യു നേരത്തെ നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതേ വേദിയില്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ സാക്ഷിയാക്കിയും കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത് വിമര്‍ശനമുന്നയിച്ചു. ഇതിനെ തുടര്‍ന്നാണ്  ചെന്നിത്തലയുടെ പ്രതികരണം.
Next Story

RELATED STORIES

Share it