Flash News

ചെങ്കൊടി പാറിച്ച് ചെങ്ങന്നൂര്‍; സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം

ചെങ്കൊടി പാറിച്ച് ചെങ്ങന്നൂര്‍; സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം
X

ചെങ്ങന്നൂര്‍: ത്രികോണമല്‍സരമെന്ന് പ്രവചിച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ കൊയ്‌തെടുത്തത്. 20,956 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്. 1987ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്.

67,303 വോട്ടുകളാണ് സജി ചെറിയാന്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി വിജയകുമാറിന് 46,347 വോട്ടുകള്‍ ലഭിച്ചു. 35,270 വോട്ടുകള്‍ നേടിയ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള ബഹുദൂരം പിന്നിലാകുകയും ചെയ്തു.

മാന്നാര്‍ പഞ്ചായത്തില്‍ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞു. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാര്‍ഥിയുടെ കുതിപ്പാണ്  കണ്ടത്. ഒരുഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നേറാനായില്ല.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന തിരുവവണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ എം മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ വീട് ഉള്‍പ്പെടുന്ന പുലിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തില്‍ 2,353 വോട്ടിന്റെ  ലീഡാണ് സജി ചെറിയാന്‍ നേടിയത്.

ആകെ ലഭിച്ച 43 പോസ്റ്റല്‍ വോട്ടുകളില്‍ 42 എണ്ണവും ഇടത് സ്ഥാനാര്‍ഥിക്കായിരുന്നു. ഒരു പോസ്റ്റല്‍ വോട്ട് ബിജെപി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി സംപൂജ്യനായി.

മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഒഴികെ മാറ്റാര്‍ക്കും കെട്ടിവച്ച കാശ് തിരികെ കിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സ്വാമി സുഖാഖഷ് സരസ്വതി 800 വോട്ടുകള്‍ നേടി ബിജെപിക്ക് പിന്നില്‍ നാലാം സ്ഥാനത്തായി. 728 വോട്ടുകള്‍ നേടിയ നോട്ടയാണ് അഞ്ചാമത്.  ആം ആദ്മി പാര്‍ട്ടിക്ക് ചെങ്ങന്നൂരില്‍ ആകെ ലഭിച്ചത് 368 വോട്ട്.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ സജി ചെറിയാന്റെ ലീഡ് നില

മാന്നാര്‍-2,629

പാണ്ടനാട്-498

തിരുവനന്‍ വണ്ടൂര്‍-208

മുളക്കുഴ- 3,637

ആല-866

പുലിയൂര്‍-637

ബുധനൂര്‍-2,646

ചെന്നിത്തല-2,353

ചെറിയനാട്-2,485

വെണ്‍മണി-3,203

ചെങ്ങന്നൂര്‍ നഗരസഭ-753
Next Story

RELATED STORIES

Share it