Flash News

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍

എം എം സലാം

ചെങ്ങന്നൂര്‍ (ആലപ്പുഴ): വാശിയേറിയ ത്രികോണമല്‍സരത്തിനൊടുവില്‍ ചെങ്ങന്നൂര്‍ ചെങ്കൊടിക്കു സ്വന്തം.  എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മണ്ഡലത്തില്‍ 20,956 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1,52,035 വോട്ടില്‍ 67,303 വോട്ട് സജി ചെറിയാന്‍ നേടി.
1987ല്‍ ഇടതു സ്ഥാനാര്‍ഥി മാമ്മന്‍ ഐപ്പ് നേടിയ 15,703 വോട്ട് ഭൂരിപക്ഷമെന്ന റെക്കോഡാണ് സജി ചെറിയാന്‍ മറികടന്നത്. 2016ലെ വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍ 7,983 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. സജി ചെറിയാന്‍ അത് മൂന്നിരട്ടിയാക്കി. 2016ല്‍ 52,880 വോട്ടാണ് രാമചന്ദ്രന്‍ നായര്‍ ആകെ നേടിയത്. ഇത്തവണ 14,423 വോട്ട് സജി ചെറിയാന്‍ അധികം നേടി.  യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ രണ്ടാംസ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള മൂന്നാംസ്ഥാനത്തും എത്തി. വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ളയ്ക്ക് 35,270 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട്‌നില  യുഡിഎഫ് ഉയര്‍ത്തിയപ്പോള്‍ ബിജെപിക്ക് 7,500ഓളം വോട്ട് കുറഞ്ഞു. 2016ല്‍ 44,897 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പോലും എല്‍ഡിഎഫിന് വെല്ലുവിളി സൃഷ്ടിക്കാന്‍ യുഡിഎഫിനായില്ല. യുഡിഎഫ്, ബിജെപി അനുകൂല മേഖലകളില്‍പ്പോലും വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു സജി ചെറിയാന്റെ കുതിപ്പ്. പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞതവണത്തെ എല്‍ഡിഎഫ് ഭൂരിപക്ഷമായ 7,983 സജി ചെറിയാന്‍ മറികടന്നിരുന്നു.
യുഡിഎഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി. ബിജെപി ശക്തികേന്ദ്രവും നിലവില്‍ കേരളാ കോണ്‍ഗ്രസ് ഭരണം നടത്തുന്നതുമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ലീഡ് നേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട് സ്ഥിതി ചെയ്യുന്ന ചെന്നിത്തല പഞ്ചായത്തില്‍ പോലും യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്. ലഭിച്ച 40 പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ്. കൂടാതെ, നാലു സര്‍വീസ് വോട്ടുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരെണ്ണം എന്‍ഡിഎക്കും ലഭിച്ചപ്പോള്‍ മറ്റൊരെണ്ണം അസാധുവായി. ആകെ 792 പോസ്റ്റല്‍ ബാലറ്റുകളാണ് വോട്ടര്‍മാര്‍ക്ക് അയച്ചിരുന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. അതേസമയം, ജനവിധി തേടിയ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ആയിരത്തില്‍ താഴെ വോട്ട് മാത്രമാണ് നേടിയത്. മണ്ഡലത്തില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്തിന് 368 വോട്ട് മാത്രേമ ലഭിച്ചുള്ളൂ.
Next Story

RELATED STORIES

Share it