malappuram local

ചെങ്കല്ല് ഖനനം സ്‌കൂളിന് ഭീഷണിയാവുന്നു



അരീക്കോട്:  സുരക്ഷാ മാനദണ്ഡം പാലിക്കാതെ കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള ചെങ്കല്ല് ഖനനം സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയാവുന്നു. അവധികാലത്തുള്ള ഖനനം കാരണം കെട്ടിങ്ങളില്‍ പൊടിപടലം പിടിച്ച് മലിനമായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 30 നാണ് 34 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കിയത്. ക്ലാസ് മുറികള്‍ പൊടിപാറി നശിക്കുകയാണ്. സ്‌കൂളുകളിലേക്ക് പൊടിശല്യം ഇല്ലാതിരിക്കാന്‍ സുരക്ഷിതമായ മറ സ്ഥാപിക്കാനും ക്വാറി ഉടമ തയ്യാറാവാത്തതാണ് കാരണം. അവധികാലം മുതലെടുത്ത് ഇവിടെ സ്‌കൂളിന് ഭീഷണി സൃഷ്ടിച്ച് അനധികൃതമായി കല്ല്‌വെട്ടുകയാണ്. നിശ്ചിത അകലം വേണമെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല. നിയമം ലംഘിച്ച്പത്ത് മീറ്ററോളം ഇവിടെ താഴ്ത്തിയിട്ടുണ്ട്. രണ്ടായിരത്തിലത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്ന സ്ഥാപനത്തില്‍. ഹൈസ്‌കൂള്‍, പ്ലസ്ടു, വിഎച്ച്‌സി വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കുന്നുണ്ട്. ചെങ്കല്ല് ഖനനം കാരണം സ്‌കൂള്‍ കിണറ്റിലെ വെള്ളവും കുറയുന്നുണ്ട്. സ്‌കൂളില്‍ പുതിയ അഡ്മിഷന്‍ സമയമായതിനാല്‍ ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇവിടെ എത്തുന്നുണ്ട്. പൊടിയും ശബ്ദ മലനീകരണവും ഓഫിസ് പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ഒരു മറപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഓഫിസിലെ ഫയലുകളില്‍ പൊടി പിടിച്ചിരിക്കുകയാണ്. മഴ ശക്തമായാല്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ തകരുമെന്ന ഭീഷണിയുമുണ്ട്. സ്‌കൂളുകളിലെ ബെഞ്ചും ഡസ്‌ക്കും പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. അധ്യായനം ആരംഭിക്കുംമുമ്പേ ഇവ കഴുകി വൃത്തിയാക്കാതിരുന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവും. ശബ്ദ മലനീകരണം  പഠനത്തെയും ബാധിക്കും. നാല് ഏക്കറോളം സ്ഥലത്താണ് സ്‌കൂള്‍ നിലകൊള്ളുന്നത്. സ്‌കൂളിന് ചുറ്റും ചെങ്കല്ല് പ്രദേശമായതിനാല്‍ ഇവ വെട്ടിയെടുക്കാന്‍ തന്നെയാണ് സ്വകാര്യ ലോബിയുടെ തീരുമാനം. എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിനും പഠനത്തിനും ഭീഷണിയാവുന്ന ചെങ്കല്ല് ക്വാറിക്കെതിരെ പോലിസിലോ ജിയോളജി വകുപ്പിലോ പരാതി നല്‍കാനും സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ചെങ്കല്ല് കയറ്റിപോവുന്ന ലോറികളും സ്‌കൂളുകളിലേക്കുള്ള റോഡിനും  ക്വാറിയോട് ചേര്‍ന്ന് കോളനികളും ഭീഷണിയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചാണ് കല്ല് വെട്ടിന് അനുമതി നല്‍കിയത്. എന്നാല്‍ അനുമതിക്ക് മുമ്പായി സ്‌കൂളിന്റെ സുരക്ഷിതത്വം ഇവര്‍ ഉറപ്പ് വരുത്തിയില്ലന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it