kannur local

ചെങ്കണ്ണ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല

കണ്ണൂര്‍:  വേനല്‍ കടുത്തതോടെ ജില്ലയില്‍ പലയിടത്തും ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള നേത്രരോഗങ്ങള്‍ പടരുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നേത്രപടലങ്ങളില്‍ ഉണ്ടാവുന്ന അണുബാധയാണു രോഗകാരണം. മഴയും പകല്‍നേരത്തെ ചൂടുമാണ് രോഗം പടരാന്‍ ഇടയാക്കുന്നത്. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും അടുത്ത കാലത്തായി വൈറസ്ബാധയും രോഗം വരുത്തുന്നു. രോഗം മാറണമെങ്കില്‍ നാലുമുതല്‍ ഏഴു ദിവസം വേണ്ടിവരും. രോഗബാധിതര്‍ ഉടന്‍ ചികില്‍സ തേടണമെന്നും അല്ലാത്തപക്ഷം കാഴ്ചനഷ്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ ഇതിനകം നിരവധി പേര്‍ ചെങ്കണ്ണ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലാത്ത അവസ്ഥയാണ്. വെളിയില്‍നിന്ന് മരുന്ന് വാങ്ങാന്‍ കുറിച്ചുകൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മിക്ക ഡോക്ടര്‍മാരും. നിര്‍ധന രോഗികളാണ് ഇതുമൂലം ഏറെ വലയുന്നത്. ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് എത്തിക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയില്‍ പ്രതിഷേധം വ്യാപകമാണ്.
ചെങ്കണ്ണ് ബാധ വിദ്യാലയങ്ങളിലെ ഹാജര്‍നിലയിലും കുറവ് വരുത്തിയിട്ടുണ്ട്. കണ്ണുകള്‍ക്ക് ചുവപ്പ് നിറം, അസ്വസ്ഥത, ഇമകളില്‍ വീക്കം, കണ്ണില്‍നിന്ന് തുടര്‍ച്ചയായി വെള്ളം വരിക-ഇതാണ് വൈറസ് ബാധമൂലമുളള ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. എന്നാല്‍, ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കൂ. പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും. ചെവിയുടെ മുന്നില്‍ വീക്കം ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അസ്വസ്ഥത തുടങ്ങിയാല്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെള്ളം ഉപയോഗിച്ച് കണ്ണ് കൂടുതല്‍ കഴുകരുത്. സ്വയംചികില്‍സയും ഒഴിവാക്കണം. വിശ്രമവും, ആന്റി ബയോട്ടിക് തുള്ളി മരുന്നുകളും രോഗം വേഗത്തില്‍ മാറാന്‍ അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it