Flash News

ചെക്‌പോസ്റ്റുകളില്‍ പോലിസ് സാന്നിധ്യം ഉറപ്പാക്കണം ; ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം



തിരുവനന്തപുരം: വാളയാര്‍, കമ്പംമേട്, മഞ്ചേശ്വരം തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ചെക്‌പോസ്റ്റുകള്‍ക്കും 24 മണിക്കൂറും പോലിസ് സാന്നിധ്യം ഉറപ്പാക്കണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.       വാളയാര്‍, കമ്പംമേട് തുടങ്ങിയ ചെക്‌പോസ്റ്റുകളില്‍ ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും ഇടപെടല്‍ കാരണം വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നുവെന്നും, ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഡിജിപിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.  വാളയാര്‍ പോലെ പല ചെക്‌പോസ്റ്റുകളിലും റോഡുകളുടെ മീഡിയനുകള്‍ ഗുണ്ടകള്‍ കൈവശപ്പെടുത്തി വിശ്രമസങ്കേതങ്ങളാക്കുന്നത് തടയണം. ഗുണ്ടകള്‍ വില്‍പന നികുതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും മറ്റു തരത്തിലുള്ള അതിക്രമങ്ങളും ചെക്‌പോസ്റ്റുകളില്‍ നിയമിക്കപ്പെടുന്ന പോലിസ് ടീമംഗങ്ങള്‍ കര്‍ശനമായി തടയാനും നിര്‍ദേശം നല്‍കി. മീഡയനുകളിലെ കൈയേറ്റങ്ങളും മറ്റും നാഷണല്‍ ഹൈവേ അധികൃതരുടെ സഹായത്തോടെ നീക്കം ചെയ്യണം. ചെക്‌പോസ്റ്റുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സിഐമാര്‍ അടുത്ത രണ്ടു മാസത്തേക്ക് കുറഞ്ഞത് രണ്ടു ദിവസത്തിലൊരിക്കല്‍ ചെക്‌പോസ്റ്റുകള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തിരുവനന്തപുരം ജില്ലയില്‍ വെമ്പായത്ത് വില്‍പന നികുതി ഉദ്യോഗസ്ഥന്റെ വാഹനം ആക്രമിച്ച കേസില്‍ അന്വേഷണം മന്ദഗതിയിലാണെന്നും ഇത് ഊര്‍ജിതപ്പെടുത്തി പ്രതികളെ വേഗം പിടികൂടണമെന്നും ഡിജിപി നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ കൈക്കൊണ്ട നടപടികളും അവയുടെ ഫലവും അഞ്ചുദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം,  നിയമവിരുദ്ധമായ ഒറ്റനമ്പര്‍ ലോട്ടറികളും വ്യാജലോട്ടറികളും വില്‍പന നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാന്‍ സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഒറ്റ നമ്പര്‍ ലോട്ടറി കൂടാതെ 5000 രൂപയോ അതിനുതാഴെയോ ഉള്ള സമ്മാനത്തുക നമ്പറില്‍ കൃത്രിമം കാണിച്ച് ഏജന്റിനെ കബളിപ്പിച്ച് കൈക്കലാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള ഒറ്റനമ്പര്‍ ലോട്ടറികളും നിയമവിരുദ്ധ ലോട്ടറികളും വില്‍ക്കുന്നവരുടെ വിവരം ശേഖരിച്ച് അവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. നമ്പറുകളില്‍ കൃത്രിമം കാട്ടി പണം തട്ടുന്നവര്‍ക്കെതിരേ വഞ്ചന, ഫോര്‍ജറി എന്നിവയ്ക്കുള്ള വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കണ ഡിജിപി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it