Idukki local

ചെക്ക്ഡാമിലെ മാറ്റിയ പലക പുനസ്ഥാപിച്ചു; കൃഷിനാശ ഭീഷണിയില്‍ നാട്ടുകാര്‍



തൊടുപുഴ: ചെക്ക്ഡാമിലെ മാറ്റിയ പലക സിപിഎമ്മുകാര്‍ പുനസ്ഥാപിച്ചതോടെ പുറപ്പുഴയിലെ കര്‍ഷകര്‍ കൃഷിനാശ ഭീഷണിയിലായി. തോട്ടിലെ ചെക്ക്ഡാമില്‍ നിന്ന് എടുത്തു മാറ്റിയ പലകകളാണ് സിപിഎമ്മുകാര്‍ പുനസ്ഥാപിച്ചതെന്നാണു പരാതി. മഴയെ തുടര്‍ന്ന് പുറപ്പുഴയിലെ തോട്ടില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളം ഉയര്‍ന്ന് പാടത്തും മറ്റും കയറിയിരുന്നു. പി.ജെ.ജോസഫ് എം.എല്‍.എ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ കൃഷികള്‍ നശിച്ചിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം ജലസേചന ഉദ്യോഗസ്ഥരെത്തി തടയണയിലെ പലകകള്‍ എടുത്തു മാറ്റി വെള്ളത്തിന്റെ അളവ് കുറച്ചത്. ഇതോടെ പാടത്തുനിന്ന് വെള്ളം ഇറങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം പോലിസും എത്തിയിരുന്നു. എന്നാല്‍, വൈകീട്ട് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ എടുത്തു മാറ്റിയ പലകകള്‍ വീണ്ടും പുനസ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് വീണ്ടും കൃഷിയിടത്തില്‍ വെള്ളം കയറി ബാക്കി കൃഷി നശിക്കാന്‍ കാരണമാവുമെന്നു നാട്ടുകാര്‍ പറയുന്നു. തുലാമഴയ്ക്ക് ശേഷം നീരൊഴുക്ക് കുറയുന്ന സമയത്ത് തടയണകളില്‍ പലകകള്‍ സഥാപിച്ച് കുടിവെള്ളത്തിനും മറ്റുമായി വെള്ളം ശേഖരിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പലക സഥാപിച്ചാല്‍ വെള്ളം ഉയര്‍ന്ന് സമീപത്തെ കൃഷിയിടങ്ങളില്‍ കയറി കൃഷി നാശം ഉണ്ടാവും. കുടിവെള്ള പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞാണ്  ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നത്. പലക എടുത്തു മാറ്റിയതോടെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള പ്രശ്‌നം ഉണ്ടാവുമെന്നു പറഞ്ഞ് ജനകീയ സമിതിയുടെ പ്രവര്‍ത്തകര്‍ ഓഫിസിലെത്തി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇവിടെയെത്തിയതെന്ന് സിപിഎം ഏരിയാ സെക്രട്ടറി  മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നാട്ടുകാരുടെ ആവശ്യാനുസരണമാണ് അടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന പലക എടുത്ത് അവര്‍  തന്നെ ചെക്ക്ഡാമില്‍ പുനസ്ഥാപിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല എല്ലാ പാര്‍ട്ടിക്കാരുടെയും പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നെന്നും ഫൈസല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it