kannur local

ചെക്കിക്കുന്നില്‍ വിള്ളല്‍ കൂടുന്നു: ഭീതിയൊഴിയാതെ കുടുംബങ്ങള്‍

ഇരിട്ടി: ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഭീതി വേണ്ടെന്ന് അറിയിച്ചെങ്കിലും കീഴൂര്‍ പ്രിയദര്‍ശിനി റോഡില്‍ ചെക്കിക്കുന്നിന് കീഴിലെ കുടുംബങ്ങളുടെ ഭീതിയൊഴിയുന്നില്ല. കുന്നില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളല്‍ അനുദിനം വര്‍ധിക്കുന്നതാണ് പ്രദേശത്തെ 25ഓളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നത്. അതേസമയം കുന്നിന്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായിരുന്ന തറാല്‍ അസ്മയുടെ വീടിനു ചുറ്റുമുള്ള മണ്ണ് നീക്കിത്തുടങ്ങി.
ഇക്കഴിഞ്ഞ 16നു ശേഷമുണ്ടായ കനത്ത മഴയിലാണ് ചെക്കിക്കുന്നിലെ രണ്ടു സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടം നിലനില്‍ക്കുന്ന പറമ്പില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടത്. കുന്നിന്റെ ഒരു ഭാഗത്തായി നിര്‍മിച്ച തറാല്‍ അസ്മയുടെ ഇരുനില വീടിനുമുകളില്‍ ഇതിനു പിറകുവശത്തെ കുന്ന് ഇടിഞ്ഞുവീണതോടെ വീട് അപകടഭീഷണിയിലായി. വീടിന്റെ അടുക്കളഭാഗത്തെ താഴത്തെ നില മുഴുവന്‍ ചളിയും മണ്ണും കല്ലുകളും വീണ് അപകടാവസ്ഥയിലായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി അസ്മയുടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കുന്നില്‍ നൂറു മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ഇതിനുകീഴില്‍ താമസിക്കുന്ന 25ഓളം കുടുംബങ്ങളോടും ഇവിടെനിന്നു മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ മഴ അല്‍പം മാറിനില്‍ക്കുകയും ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുന്നില്‍ രൂപപ്പെട്ട വിള്ളല്‍ അപകടകരമല്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ മാറിപ്പോയ കുടുംബങ്ങള്‍ തിരിച്ചെത്താന്‍ തുടങ്ങി. എന്നാല്‍ വിള്ളല്‍ ഓരോ ദിവസം കഴിയുമ്പോഴും കൂടി വരുന്നതാണ് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്.
ഒരാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടാള്‍ പൊക്കത്തില്‍ വരെ ഇപ്പോള്‍ കുന്ന് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. നിരവധി റബര്‍ മരങ്ങളും കടപുഴകിയിട്ടുണ്ട്. ഇതോടൊപ്പം വലിയ പാറക്കല്ലുകളും ഇളകി നില്‍ക്കുന്ന അവസ്ഥയാണുള്ളത്.
തറാല്‍ അസ്മയുടെ വീടിനു ചുറ്റുമുള്ള മണ്ണ് നീക്കല്‍ തുടങ്ങിയെങ്കിലും വീട് ഇപ്പോഴും ഏറെ അപകടകരമായ അവസ്ഥയിലാണ്. വീടിന്റെ അടിഭാഗത്തെ നിലവരെ മണ്ണിനടിയിലായിരുന്നു. വാതിലിനുള്ളിലൂടെ ചളിയും മണ്ണും ഒഴുകി അടുക്കളയുടെ പകുതിഭാഗം മൂടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ചളിയും മണ്ണും നീക്കിയെങ്കിലും ബാക്കി ഭാഗത്തെ മണ്ണ് നീക്കല്‍ ഏറെ ദുഷ്‌കരമാണ്.
മണ്ണിനോടൊപ്പം ഇളകിവീണ കൂറ്റന്‍ പാറകളും നാലാള്‍പൊക്കത്തില്‍ കുന്നില്‍ ഇളകിനില്‍ക്കുന്ന വന്‍ പാറക്കൂട്ടങ്ങളുമാണ് തടസ്സം. പാറകള്‍ ഏതുനേരവും ഇളകിവീണ് അപകടമുണ്ടാക്കിയേക്കാം. മണ്ണും ചളിയും ഭിത്തിയില്‍ വീണ് ഭിത്തികള്‍ക്കും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അസ്മയും കുടുംബവും വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

Next Story

RELATED STORIES

Share it