palakkad local

ചൂഷണവും ദുരിത ജീവിതവും ബാക്കി; സര്‍ക്കാര്‍ പദ്ധതികള്‍ ആദിവാസികള്‍ക്കെത്തുന്നില്ല

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ആദിവാസികള്‍ക്ക് ദുരിത ജീവിതം മാത്രം ബാക്കിയാകുന്നു. അധികാരി വര്‍ഗത്തിന്റെ ചൂഷണം ആദിവാസി മനസുകളില്‍ മാവോയിസ്റ്റുകള്‍ക്ക് ഇടം നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദിവാസികളുടെ ദുരിത ജീവിതത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തുന്ന മാവോയിസ്റ്റുകള്‍ തങ്ങള്‍ക്കുവേണ്ടിയാണ് പോരാട്ടം നടത്തുന്നതെന്ന ചിന്ത ആദിവസികളിള്‍ ഉണ്ടാക്കിയാണ് ഊരുകളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കുന്നത്. ചൂഷണത്തിനെതിരേ പോരാട്ട വീര്യം പകര്‍ന്ന് സ്വയം പ്രതിരോധിക്കാനുള്ള ആത്മധൈര്യം നല്‍കി ആദിവാസിയെ കരുത്തനാക്കുകയാണ് മാവോയിസ്റ്റുകള്‍ ഊരുകളില്‍ നടത്തുന്ന ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്. ഇടനിലക്കാരന്‍ ആദിവാസിയെ പണം സമ്പാദിക്കാനുള്ള ഉപായം മാത്രമായി കാണുന്നവര്‍ക്കെതിരെ അധികം വൈകാതെ ആദിവാസികളില്‍ നിന്നു തന്നെ പ്രതിഷേധത്തിന്റെ സ്വരം ഉയരും. ഇതിന്റെ സൂചനകള്‍ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പ്രകടമായി.
മണ്ണാര്‍ക്കാട് മേലയിലെ ഒരു ആദിവാസി കോളനിയിലുള്ളവര്‍ വോട്ട് ബഹിഷ്‌ക്കരിച്ചു. ഇടതു വലതു രാഷ്ട്രീയക്കാര്‍ക്കൊപ്പം നിന്നിരുന്ന ഊരുകാര്‍ ഇത്തവണ വോട്ടിനെത്താതിരുന്നത് ബാഹ്യശ്കതികളുടെ ഇടപെടല്‍ മൂലമാമെന്നാണ് അറിയുന്നത്. ഇവരുടെ മനോഭാവത്തിലും വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങി.വീട്ടിലെ കാര്യങ്ങള്‍ പോലും പൊതുപ്രവര്‍ത്തകരോട് ആലോചിച്ചാണ് ആദിവാസികള്‍ ചെയ്തിരുന്നത്. എന്നാല്‍ ആ രീതികളില്‍ മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്.
ആദിവാസികളുടെയും ഊരുകളുടെയും വികസനത്തിന് കോടികള്‍ നല്‍കിയിട്ടും പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ മൃഗതുല്യ ജീവിതമാണ് ആദിവാസികളുടേത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എത്തിയ അമ്പലപ്പാറ കോളനിയുടെ നേര്‍ ചിത്രം കണ്ടാല്‍ ഇത് ബോധ്യമാകും. ഊരിലെ ഒരു കുടുംബത്തിലെ കുട്ടി ദേഹമാസകലം ചൊറിയും വൃണങ്ങളുമായി കഴിയാന്‍ തുടങ്ങിയിട്ട് ഏറെയായി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞാണ് മാവോയിസ്റ്റുകള്‍ 300 രൂപ നല്‍കിയത്. കാടും കൃഷിയിടവും നഷ്ടപ്പെട്ട ആദിവാസിയെ ചൂഷണ വലയത്തില്‍ നിര്‍ത്തി അവരുടെ അവകാശങ്ങള്‍ ആദിവാസി സംരക്ഷകരുടെ വേഷം കെട്ടി എത്തുന്നവര്‍ അടിച്ചു മാറ്റുകയാണെന്ന് ആദിവാസികളെ ബോധ്യപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ക്ക് ആയിട്ടുണ്ട്.
പല അദിവാസി മേഖലകളിലും മാവോയിസ്റ്റുകള്‍ക്ക് നി ര്‍ണ്ണായക സ്വാധീനം ഉണ്ട്. ആദിവാസികളില്‍ നിന്ന് തിരിച്ച് മാവോവാദികള്‍ക്ക് സഹായവും ലഭിക്കുന്നുണ്ട്. എന്നാല്‍ തങ്ങ ള്‍ മാവോയിസ്റ്റുകളെയാണ് സഹായിക്കുന്നതെന്ന് ആദിവാസികള്‍ക്ക് അറിയില്ല. ഊരുകളുടെ നേര്‍കാഴ്ച്ചകള്‍ കരളലയിക്കുന്നതാണ്. പല സര്‍ക്കാരുകള്‍ പലട്ടങ്ങളിലായി വീട്അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം നാല് കാലുകളില്‍ തീര്‍ന്നു. ആദിവാസിയും ആടും പശുവും പട്ടിയും ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഷെഡിലാണ് കഴിയുന്നത്. വീട് കെട്ടികൊടുത്താലും അവര്‍ അതില്‍ താമസിക്കില്ലെന്നാണ് ചൂഷണത്തിനു നേതൃത്വം നല്‍കുന്നവര്‍ പ്രചരിപ്പക്കുന്ന ന്യായം. ഇവിടെ കുടിവെള്ളമില്ല. ചികിത്സ സൗകര്യങ്ങളില്ല. കുട്ടികളുടെ പഠനത്തിന് വഴിയില്ല. അധികാരികള്‍ പ്ര്യാപിക്കുന്ന ആദിവാസി സഹായങ്ങളൊന്നും, ഒരു നേരത്തെ അഷ്ടിക്കു കാടുകയറുന്ന ആദിവാസിയുടെ ഊരിലെത്തുന്നില്ല. ചൂഷണത്തിന്റെ ആഴം തിരിച്ചറിഞ്ഞു തുടങ്ങിയ ആദിവാസി യുവാക്കളുടെ, ചൂഷണത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ല.അധികാരി വര്‍ഗ്ഗത്തിനെതിരേ ചൂഷിത വര്‍ഗ്ഗത്തിന്റെ മനസുകളില്‍ പോരാട്ടത്തിന്റെ തീപൊരി കൊളുത്താന്‍ മാവോയിസ്റ്റുകള്‍ക്കായിട്ടുണ്ടെന്ന് അധികാരി വര്‍ഗ്ഗം തിരിച്ചറിയണം.
Next Story

RELATED STORIES

Share it