ചൂണ്ടു വിരലില്‍ മഷി പതിപ്പിക്കുന്നത് മാറ്റും: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത് കഴിഞ്ഞാല്‍ ചൂണ്ടുവിരലില്‍ മഷി പതിപ്പിക്കുന്ന രീതി മാറ്റുന്നതിനെക്കുറിച്ച് തിരഞ്ഞെടെുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. പകരം, ഇപ്പോള്‍ തിരഞ്ഞെടുപ്പ് മഷി ലഭ്യമാക്കുന്ന, കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള, മൈസൂര്‍ പെയിന്റ് ആന്റ് വാര്‍ണിശ് ലിമിറ്റഡ് തന്നെ തയ്യാറാക്കുന്ന മാര്‍ക്കറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് കമ്മീഷന്‍ ആലോചിക്കുന്നത്. മാര്‍ക്കര്‍ പേനകള്‍ കൊണ്ടുള്ള അടയാളപ്പെടുത്തലുകള്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ വൃത്തി ഉള്ളതാവും എന്നതിനാലും ഇപ്പോഴുള്ള ബ്രഷിനെയും മഷിക്കുപ്പിയെയും അപേക്ഷിച്ച് മാര്‍ക്കറുകള്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും എളുപ്പമാണെന്നതിനാലുമാണ് ഇതുമായി ബന്ധപ്പെട്ട ഒരു മാറ്റത്തിന് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപോര്‍ട്ട്. ഈയിടെ അഫ്ഗാനിസ്താനില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഇത്തരത്തിലുള്ള മാര്‍ക്കര്‍ പേനകളായിരുന്നു ഉപയോഗിച്ചത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ അഫ്ഗാനടക്കമുള്ള ചില രാജ്യങ്ങളിലും മൈസൂര്‍ പെയിന്റിന്റെ മഷിയാണ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്.
ബ്രഷിനും മഷിക്കുപ്പിക്കും പകരം മാര്‍ക്കര്‍ പേനകള്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ പരീക്ഷിച്ചു വരികയാണെന്നും ഇത്തരം മാര്‍ക്കറുകള്‍ വിപുലമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശരിയായ രീതിയിലല്ല പലപ്പോഴും വിരലില്‍ മഷി പതിപ്പിക്കുന്നതെന്ന പരാതികളെ തുടര്‍ന്ന് ബ്രഷുകള്‍ ഉപയോഗിച്ച് മഷി പുരട്ടുന്നതിനെ ക്കുറിച്ച് ഈ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇടതുചൂണ്ടു വിരലിന്റെ നഖത്തിന്റെ മുകളറ്റം തൊട്ട് ആദ്യവളവ് വരെ മഷി പുരട്ടണമെന്നായിരുന്നു ഉത്തരവ്. ഈ ഉദ്ദേശ്യത്തോടുകൂടി നിര്‍മിക്കപ്പെട്ട ബ്രഷുകള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടിയാണ് വോട്ട് ചെയ്ത ആളുടെ വിരലില്‍, മായ്ക്കാന്‍ എളുപ്പമല്ലാത്ത മഷി പതിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it