ചുവരുകളില്‍ ഡൊണാള്‍ഡ് ഡക്കും മിക്കി മൗസും; പോലിസ് സ്‌റ്റേഷനുകള്‍ മുഖംമിനുക്കുന്നു

പി വി വേണുഗോപാല്‍

ആലപ്പുഴ: ഒരു പ്രൈമറി പള്ളിക്കൂടം പോലെ അണിഞ്ഞൊരുങ്ങുകയാണ് പുന്നപ്ര ജനമൈത്രി പോലിസ് സ്‌റ്റേഷന്‍. പുറംചുവരുകളില്‍ ഡൊണാള്‍ഡ് ഡക്കും മിക്കി മൗസും പൂവും പൂമ്പാറ്റകളുമെല്ലാം വിവിധ വര്‍ണങ്ങളിലലിഞ്ഞുചേര്‍ന്നിരിക്കുന്നു.
അകത്ത് കുട്ടികള്‍ക്ക് മാത്രമായി ഒരു മുറി ഒരുക്കുന്ന തിരക്കിലാണ് പോലിസ് മാമന്‍മാര്‍. കുഞ്ഞു മനസ്സുകളില്‍ ആഹ്ലാദമുണ്ടാക്കുന്ന ചുവര്‍ ചിത്രങ്ങളാല്‍ അലങ്കരിച്ച ആ മുറിയില്‍ കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങള്‍, ചിത്രകഥകള്‍, പുസ്തകങ്ങള്‍, വരയ്ക്കാനും വായിക്കാനുമുള്ള പുസ്തകങ്ങളും ബുക്കുകളുമൊക്കെ കൊണ്ടു നിറയ്ക്കുകയാണവര്‍. പുന്നപ്ര മാത്രമല്ല ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നോര്‍ത്ത്, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍ പോലിസ് സ്‌റ്റേഷനുകളും ഈ വഴിയെ തന്നെ സഞ്ചരിക്കുകയാണ്. കുട്ടികള്‍ക്ക് മാത്രമല്ല ഭിന്നശേഷിക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും വേണ്ടി പോലിസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ മുഖച്ഛായ മിനുക്കല്‍.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല, കുടുംബ പ്രശ്‌നങ്ങള്‍, ലഹരി ആസക്തി തുടങ്ങി ഏതു കാര്യത്തിനും ആര്‍ക്കും ഓടിയെത്താവുന്ന ഒരു കേന്ദ്രമാക്കി പോലിസ് സ്‌റ്റേഷനെ മാറ്റുകയാണ് ആധുനികവല്‍ക്കരണത്തിന്റെ ലക്ഷ്യമെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. ആലപ്പുഴയിലെ പോലിസ് സ്‌റ്റേഷനുകളില്‍ ആരംഭിക്കുന്ന ഈ മാതൃകകള്‍ വിജയിച്ചാല്‍ സംസ്ഥാത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളും ഇത്തരത്തില്‍ മാറ്റാനാണ് ആലോചന. പോലിസിന്റെ ക്രൂരത മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പുന്നപ്ര പോലിസ് സ്‌റ്റേഷന്‍ പ്രൈമറി പള്ളിക്കൂടം പോലെ അണിഞ്ഞൊരുങ്ങുന്നത് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്.
Next Story

RELATED STORIES

Share it