ചുവപ്പു കാര്‍ഡുകളുടെ ജര്‍മന്‍ ലോകകപ്പ്‌

ലോകകപ്പുകളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ചുവപ്പു കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്ന ലോകകപ്പായിരുന്നു 2006ലെ ജര്‍മന്‍ ലോകകപ്പ്. ഇതേ ലോക കപ്പില്‍ത്തന്നെയാണു ഫ്രാന്‍സിന്റെ ലോകോത്തര താരം സൈനുദ്ദീന്‍ സിദാന്‍ കലാശപ്പോരാട്ടത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താവുന്നതിനും കാല്‍പ്പന്തുകളി ലോകം സാക്ഷ്യംവഹിച്ചത്.
345 മഞ്ഞയും 28 ചുവപ്പുമടക്കം 373 കാര്‍ഡുകളാണ് ലോകകപ്പില്‍ ഉടനീളം റഫറിമാര്‍ പുറത്തെടുത്തത്. ശരാശരി ഒരു മല്‍സരത്തില്‍ അഞ്ചില്‍ കൂടുതല്‍ കാര്‍ഡുകള്‍ റഫറിമാര്‍ക്ക് പുറത്തെടുക്കേണ്ടതായി വന്നിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്ന മല്‍സരത്തിലാണു ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡുകള്‍ കണ്ട മല്‍സരം. 16 മഞ്ഞ കാര്‍ഡുകള്‍ കണ്ട മല്‍സരത്തില്‍ നാലു താരങ്ങള്‍ ചുവപ്പു കണ്ട് പുറത്തു പോയി. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ മല്‍സരം ദി ബാറ്റില്‍ ഓഫ് ന്യൂംബര്‍ഗ് എന്നാണ് അറിയപ്പെടുന്നത്.
ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിലാണു ലോകത്തെ മുഴുവന്‍ നടുക്കിയ സിദാന്റെ ചുവപ്പുകാര്‍ഡ് കണ്ടുള്ള പുറത്താവലുമുണ്ടായത്. ഫ്രാന്‍സും ഇറ്റലിയും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ മറ്റരാസിയുടെ നിരന്തരമായ ആക്ഷേപത്തെ തുടര്‍ന്നു പ്രകോപിതനായ സിദാന്‍ ഇറ്റാലിയന്‍ താരത്തെ തല കൊണ്ടു നെഞ്ചിലിടിച്ചു വീഴ്ത്തി.
അര്‍ജന്റീനക്കാരനായ റഫറി ഹൊറാസിയോ എലിസോണ്ടോ ചുവപ്പ് കാര്‍ഡ് നല്‍കി താരത്തെ പവലിയനിലേക്കയച്ചു. അതു വരെ തുടര്‍ന്നു വന്ന ആ ലോകകപ്പിലെ ചുവപ്പു കാര്‍ഡുകളുടെ പെരുമഴ അങ്ങനെ കലാശപ്പോരാട്ടത്തിലുമുണ്ടായി. ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് സിദാന്‍ ആയിരുന്നുവെങ്കിലും സിദാനില്ലാത്ത ഫ്രഞ്ച് ടീമിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇറ്റലി ലോകകപ്പ് നേടുകയും ചെയ്തു. 1998ലെ ലോകകപ്പ് കിരീടം ഫ്രാന്‍സിന് നേടിക്കൊടുത്ത നായകന്‍ സിദാന്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മനിയില്‍ ചരിത്രത്തിലെ തന്നെ ദുരന്തനായകനുമായി.
Next Story

RELATED STORIES

Share it