thrissur local

ചുഴലിക്കാറ്റ്: നാല് മല്‍സ്യബന്ധന വള്ളങ്ങള്‍ ഭാഗികമായി തകര്‍ന്നു

വാടാനപ്പിള്ളി: ചേറ്റുവായില്‍ ആഴക്കടലിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ നാല് മല്‍സ്യബന്ധന വള്ളങ്ങള്‍ ഭാഗികമായി തകര്‍ന്നു. വള്ളങ്ങളില്‍ അമ്പത് പേര്‍ വീതം ഉണ്ടായിരുന്നു. ചേറ്റുവ ഹാര്‍ബറില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കടലിലിറങ്ങിയ വള്ളങ്ങളാണ് തകര്‍ന്നത്.
18 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ വച്ച് എട്ടരയോടെ ഇടിവെട്ടിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് ശക്തമായ മഴയും ചുഴലിക്കാറ്റുമെത്തിയതെന്ന് കരയിലെത്തിയ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചുഴലിക്കാറ്റില്‍ വള്ളങ്ങള്‍ ആടിയുലഞ്ഞപ്പോള്‍ ഡസ്‌കില്‍ കമിഴ്ന്നു കിടന്നാണ് രക്ഷപ്പെട്ടത്. മുകളില്‍ ഉണ്ടായിരുന്ന ഷീറ്റുകള്‍ തകര്‍ന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ബോട്ടില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും മറ്റും പറന്നു പോയി. അരമണിക്കൂര്‍ നേരം കാറ്റ് വീശിയതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കാറ്റ് ശമിച്ചതോടെയാണ് തിരിച്ചു പോന്നത്. നാല്‍പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവമെന്നും തൊഴിലാളികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടിക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഗീതാഗോപി, കെ വി ദാസന്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി അശോകന്‍, മല്‍സ്യഫെഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഹാര്‍ബറിലെത്തി.അതിനിടെ ഏങ്ങണ്ടിയൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്. ഏങ്ങണ്ടിയൂര്‍ ഏത്തായ് ബീച്ചിലാണ് ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ആരംഭിച്ച കടല്‍ക്ഷോഭത്തിന് ഇന്നലെ രാവിലെ ശക്തി കുറഞ്ഞെങ്കിലും കുഴിപ്പന്‍ തിരമാലകള്‍ ഇപ്പോഴും കരയിലേക്ക് അടിച്ചുകയറുകയാണ്.
തിങ്കളാഴ്ച വൈകീട്ടോടെ അഴിമുഖം മുതല്‍ തെക്കോട്ട് പൊക്കുളങ്ങര സാഗര്‍ ക്ലബ്ബ് വരെയുള്ള പ്രദേശത്ത് വളരെ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. ഏത്തായ് ബീച്ചിലെ നമ്പി ഹരിദാസ്, ചക്കന്‍ ജയന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. തെങ്ങുകള്‍ കടപുഴകി. അഴിമുഖത്തിന് തെക്ക് ഭാഗത്ത് നമ്പി ഹരിദാസിന്റെ വീട് ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിലാണ്. വീടിന്റെ കക്കൂസ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നുവീണു. ശക്തമായ കുഴിപ്പന്‍ തിരകള്‍ വീടിനകത്തേക്ക് അടിച്ചുകയറികൊണ്ടിരിക്കുകയാണ്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ ഹരിദാസിനെയും കുടുംബത്തെയും നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.നിരവധി തെങ്ങുകള്‍ ഏതു സമയവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്.
കടല്‍ക്ഷോഭത്തെ നേരിടുന്നതില്‍ അധികൃതര്‍ നിസ്സംഗത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരെ രാത്രി തന്നെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it