kozhikode local

ചുഴലിക്കാറ്റില്‍ വടകര മേഖലയില്‍ വ്യാപകനാശം

വടകര: ഇന്നലെ പുലര്‍ച്ചെ വടകരയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞു വാശിയ ചുഴലിക്കാറ്റില്‍ വീടുകള്‍ തകരുകയും, കൃഷി നാശവും സംഭവിച്ചു. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ മരങ്ങള്‍ വീണ് തകര്‍ന്നു.
നഗര പരിധിയിലെ പൂവാടന്‍ ഗെയിറ്റ്, പഴങ്കാവ്, പെരുവാട്ടും താഴ, ചോറോട് വില്ലേജ് പരിധിയിലുമാണ് വീടുകള്‍ തകര്‍ന്നത്. വടകര വില്ലേജില്‍ 9 വീടുകളും, ചോറോട് 5 വീടുകളും ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണാണ് വീടുകളെല്ലാം തകര്‍ന്നത്.
പൂവാടന്‍ ഗെയിറ്റിലെ രയരോത്ത് ദേവി, ഷബ്‌നം ഹൗസില്‍ ഇബ്രാഹീം, മാനാറത്ത് പ്രേമി, ആവിക്കല്‍ ആര്‍ ഗിരീഷന്‍, കെഎംപി ഹൗസില്‍ സുഹറ, കുനിയില്‍ സത്യനാഥന്‍, പഴങ്കാവ് ഇല്ലത്ത് നാരായണി, ഇല്ലത്ത് ജൗനു, പുളിക്കൂല്‍ നാരായണി, പെരുവാട്ടും താഴ പാലക്കണ്ടി സത്യന്‍, ചോറോട് നിഷാന മന്‍സില്‍ കുഞ്ഞമ്മദ് കുട്ടി, രാമത്ത് നഫീസ, രാമത്ത് സുലൈമാന്‍, രാമത്ത് ഹസ്സന്‍കുട്ടി, പൊടിക്കാര്‍കണ്ടി ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പൂവാടന്‍ ഗെയിറ്റില്‍ കുനിയില്‍ രഘുനാഥിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയ മകന്‍ രജിലാലിന്റെ കാറിന് മീതെ തൊട്ടടുത്ത മാവ് വീണ് തകര്‍ന്നു. ഗെയിറ്റിന് സമീപത്ത് തന്നെ മരം വീണതിനാല്‍ ഗെയിറ്റ് തുറക്കാന്‍ പറ്റാത്ത നിലയിലായി. പിന്നീട് മരം മുറിച്ച് മാറ്റി.
പുളിഞ്ഞോളി നിയാമയില്‍ അസ്മയുടെ വീടിന്റെ ഗേറ്റിനു മുകളില്‍ പ്ലാവ് പൊട്ടിവീണ് ഗേറ്റും, പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ഹെഡ് ലൈറ്റും തകര്‍ന്നു. കൂടാതെ വീട്ടു മുറ്റത്തെ അമ്പതോളം പൂച്ചട്ടികളും തകര്‍ന്നിട്ടുമുണ്ട്. പൂവാടം ഗേറ്റിനടുത്ത് റെയില്‍ പാളത്തിനു സമീപം നൈബ മന്‍സിലിലെ പ്ലാവ് റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. രയരോത്ത് ക്ഷേത്ര വളപ്പിലെ കാഞ്ഞിരമരം കടപുഴകി വൈദ്യുതി പോസ്റ്റില്‍ വീണ് തകര്‍ന്നിട്ടുണ്ട്. പഴങ്കാവ് പുളിക്കൂല്‍ അശോകന്റെ വീട്ടുപറമ്പിലെ 50 വാഴകള്‍ക്ക് നാശം സംഭവിച്ചു. പൂവാടന്‍ ഗെയിറ്റിന് സമീപത്തെ അസീസ് എന്നയാളുടെ വീടിന് മുകളിലെ ഓടുകള്‍ കാറ്റില്‍ പറന്നു.
മാധവി പുനത്തില്‍, പുനത്തില്‍ രാധ, പുനത്തില്‍ ബാബു, അച്ചുതന്‍, അല്‍റിഫയില്‍ സാഹിറ, അബ്ദുറഹിമാന്‍ എന്നിവരുടെ പറമ്പുകളിലെ വന്‍ മരങ്ങളും കടപുഴകി വീണു. മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. റവന്യു അധികൃതര്‍, സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. മരങ്ങള്‍ കടപുഴകി വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ഇത് മൂലം മണിക്കൂറകളോളം ഈ പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. തകര്‍ന്ന വീടുകള്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it