ചുഴലിക്കാറ്റില്‍ അകപ്പെട്ട 11 പേരെ നാവികസേന കൊച്ചിയിലെത്തിച്ചു

കൊച്ചി/ആലപ്പുഴ: ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട 11 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്നു നാലു ബോട്ടുകളിലായി മല്‍സ്യബന്ധത്തിനു പോയ മല്‍സ്യത്തൊഴിലാളികളില്‍ 11 പേരെയാണ് നാവികസേന കരയ്‌ക്കെത്തിച്ചത്. ഇവരുടെ കൂട്ടത്തില്‍പ്പെട്ട ചിലരെ കടലില്‍ കാണാതായതായി തൊഴിലാളികള്‍ പറയുന്നു. ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ജോസ് (33), സഹായം (34), വൈജു (40), പോള്‍ (58), ജോണ്‍സണ്‍ (38), ജാന്‍ഡ്രൂസ് (35), ആന്റണി (45), വര്‍ഗീസ് (34), ബാബു (40), മുത്തപ്പന്‍ (45), റൊണാള്‍ഡ് (40) എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന ഡെന്നി (38), ജെറാള്‍ഡ് (40), നികോളാസ് (45) എന്നിവരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആരോഗ്യമാത, സജിത-സജിത്ത്, സെന്റ് ആന്റണീസ്, ഫാത്തിമ മാത എന്നീ ഫൈബര്‍ ബോട്ടുകളിലായി 28നു രാത്രിയിലും 29നു പുലര്‍ച്ചെയുമായി വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നു കൊല്ലം നീണ്ടകരയില്‍ നിന്നുമാണ് ഇവര്‍ പുറംകടലില്‍ പോയത്. തിരുവനന്തപുരം പൊഴിയൂര്‍, വിഴിഞ്ഞം, ചെവര സ്വദേശികളാണിവര്‍. മൂന്നു ദിവസങ്ങളിലായി പല പ്രദേശങ്ങളില്‍ നിന്നു രക്ഷിച്ച ഇവര്‍ നാവികസേനയുടെ കപ്പലുകളിലാണ് കഴിഞ്ഞത്.  ഇന്നലെ 12ഓടെ ഐഎന്‍എസ് കല്‍പ്പേനിയിലാണ് ഇവരെ നേവല്‍ ആസ്ഥാനത്ത് എത്തിച്ചത്. തുടര്‍ന്നു തൊഴിലാളികളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പ്രാഥമിക ചികില്‍സയ്ക്കു ശേഷം ഇവര്‍ സ്വദേശങ്ങളിലേക്കു യാത്രയായി. അതേസമയം, കടലില്‍ നിന്നു രക്ഷപ്പെടുത്തി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശികളെ ഇന്നലെ നാട്ടിലെത്തിച്ചു. ഞായറാഴ്ച തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ചെല്ലാനത്ത് എത്തിച്ച 19 പേരെയും എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിച്ച രണ്ടു പേരെയും ചേര്‍ത്തല താലൂക്ക് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാഗര്‍കോവിലിലെ കലക്ടറേറ്റില്‍ എത്തിച്ചു.
Next Story

RELATED STORIES

Share it