palakkad local

ചുള്ളിയാര്‍ ഡാമിന് ഭീഷണിയായി വ്യാപക മണലൂറ്റ്

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: കാര്‍ഷികാവശ്യത്തിനായുള്ള വെള്ളം സംഭരിക്കുന്ന ജില്ലയിലെ കിഴക്കല്‍ മേഖലയിലെ ചുള്ളിയാര്‍ ഡാമിന് ചുറ്റും വ്യാപകമായ തോതില്‍ മണലൂറ്റുന്നു.
നീലങ്ങാച്ചിപ്പുഴ ഡാമിലെത്തിച്ചേരുന്ന പ്രദേശത്താണ് വ്യാപകമായ തോതില്‍ യന്ത്രസഹായത്തോടെ മണലൂറ്റുന്നത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചും മോട്ടോര്‍ വച്ചുമാണ് മണലൂറ്റ് നടത്തി മാഫിയകള്‍ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്. ഡാമിലെ ചളിനീക്കം ചെയ്ത് മണലെടുക്കാനുള്ള തീരുമാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പ്രഖ്യാപിച്ചത്. പദ്ധതി പരാജയപ്പെട്ടതിനാല്‍ കൂട്ടിയിട്ട മണല്‍ കെ എം ടെല്ലാണ് ഏറ്റെടുത്ത് വില്‍പന നടത്തിയിരുന്നത്. ഇതിന്റെ മറവിലാണ് വ്യാപകമായി ഉദ്യോഗസ്ഥ സഹായത്തോടെ മണലൂറ്റ് നടക്കുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും മുതലമട പഞ്ചായത്തധികൃതരും പറയുന്നത് ആറ് മാസം മുമ്പേ നദികളിലെ മണലെടുപ്പിനുള്ള കരാര്‍ കഴിഞ്ഞെന്നാണ്. വ്യാജ രേഖകള്‍ കാണിച്ചാണ് ഇത്തരം മണല്‍ മാഫിയകള്‍ മണലൂറ്റ് നടത്തി കൊണ്ടിരിക്കുന്നതെന്നാണറിയുന്നത്.
ഡാമിന്റെ വിവിധ പ്രദേശങ്ങളിലായി മോട്ടോര്‍ വച്ച് ഫില്‍റ്റര്‍ ചെയ്താണ് മണല്‍ കൊള്ള നടത്തുന്നത്. ഇങ്ങനെ മണലെടുപ്പിലൂടെ മേല്‍മണ്ണും ചളിയും ഒലിച്ചിറങ്ങി ഡാമിന്റെ ആഴം കുറയാന്‍ കാരണമാവുന്നതോടൊപ്പം ജല സംവിധാനം കുറയാനും കാരണമായിത്തീരും. എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട പഞ്ചായത്തുകളില്‍ നെല്‍കൃഷിയ്ക്കുള്ള വെള്ളം മീങ്കര, ചുള്ളിയാര്‍ ഡാമുകളെ ആശ്രയിച്ചാണ്.
കാലവര്‍ഷങ്ങളില്‍ മതിയായ മഴ ലഭിക്കാത്തതിനാല്‍ ഡാമുകളിലും വെള്ളത്തിന്റെ അളവ് കുറവാണ്. ഡാമുകളിലെത്തിച്ചേരുന്ന പുഴകളുടെ ഭാഗങ്ങളിലെ മണലൂറ്റ് ഡാമുകളുടെ ആഴം കുറയാന്‍ കാരണമായി തീരുന്നതോടൊപ്പം ഡാമിന് തന്നെ ഭീഷണിയായി തീരുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്.
Next Story

RELATED STORIES

Share it