ചുരുളഴിയാനുള്ളത് 17 കേസുകള്‍; പോലിസിനു പ്രതീക്ഷ

മുംബൈ: മുംബൈ സ്വദേശിയായ രാജേന്ദ്ര സദാശിവ നിക്കല്‍ജിയാണ് ഛോട്ടാ രാജന്‍ എന്ന പേരില്‍ അധോലോക നായകരില്‍ പ്രമുഖനായി മാറിയത്. ബഡാ രാജന്‍ എന്ന പേരില്‍ അറിയപ്പെട്ട രാജന്‍ നായര്‍ കൊല്ലപ്പെട്ട ശേഷം സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഛോട്ടാ രാജന്‍ വളരെ പെട്ടെന്ന് മാഫിയാ നേതാവ് ദാവൂദ് ഇബ്രാഹീമുമായി അടുക്കുകയായിരുന്നു. ദാവൂദിനു വേണ്ടി മുംബൈയില്‍ കരുക്കള്‍ നീക്കിയിരുന്ന രാജന്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ ദുബയിലേക്കു പറന്നു. നിരവധി ഹിന്ദി സിനിമകള്‍ നിര്‍മിക്കാന്‍ രാജന്റെ പണം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന കാലത്തായിരുന്നു ഈ കൂടുമാ റ്റം. രാജന്റെ പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് സഹോദരന്‍ ഒരിക്കല്‍ സമ്മതിച്ചിരുന്നു.
കൊലപാതകം, കൊലപാതകശ്രമം തുടങ്ങി 17 കേസുകളില്‍ പ്രതിയായ രാജന്‍ 1996ലാണ് ദാവൂദുമായി പിണങ്ങിയത്. മും ബൈ സ്‌ഫോടനപരമ്പരകളിലെ ദാവൂദിന്റെ ബന്ധമാണ് ഇതിനു കാരണമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. രാജനെയും ഇബ്രാഹീമിനെയും തമ്മില്‍ തെറ്റിക്കാന്‍ മാഫിയാ നേതാക്കളായ സൗത്യ, ഛോട്ടാ ഷക്കീല്‍, ശരത് ഷെട്ടി എന്നിവരടങ്ങിയ സംഘം നന്നായി ശ്രമിച്ചിരുന്നു. കൊല്ലപ്പെടുമെന്നു ഭയന്ന രാജന്‍ മാഫിയാ ലോകത്തെ രഹസ്യങ്ങള്‍ പോലിസിനു ചോര്‍ത്തി നല്‍കി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദുബയിലേക്കു കടക്കുകയും വിദേശത്ത് വ്യത്യസ്ത പേരില്‍ മാറിമാറി താമസിക്കുകയുമായിരുന്നു.
രാജന്റെ അറസ്റ്റ് അധോലോകവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുരുളഴിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ പോലിസ്. രാജനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതുവരെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ണമായി വിശ്വസിക്കില്ലെന്നായിരുന്നു മുംബൈയിലെ അധോലോക സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതി ല്‍ മുഖ്യപങ്കുവഹിച്ച മുന്‍ പോലിസ് കമ്മീഷണര്‍ എം എന്‍ സിങിന്റെ ആദ്യപ്രതികരണം. 2011ലെ മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകം, മാഫിയാ സംഘത്തിലെ ഫരീദ് തനാഷയുടെ കൊലപാതകം, ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനു നേരെ നടന്ന വധശ്രമം എന്നീ കേസുകള്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഛോട്ടാ രാജനെ ഈ ആഴ്ച തന്നെ ഇന്ത്യ—ക്കു കൈമാറുമെന്ന് ഇന്തോനീസ്യന്‍ പോലിസ് അറിയിച്ചു. ആസ്‌ത്രേലിയയില്‍ നിന്ന് ബാലി വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു അറസ്റ്റെന്നും അവര്‍ പറഞ്ഞു. മോഹന്‍കുമാര്‍ എന്ന പേരിലെടുത്ത പാസ്‌പോര്‍ട്ടിലായിരുന്നു രാജന്റെ ആസ്‌ത്രേലിയ-ഇന്തോനീസ്യ യാത്രകള്‍. ഇന്ത്യയിലെത്തിച്ചാല്‍ ഛോട്ടാ രാജനെ തങ്ങള്‍ക്കു ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് മും ബൈ പോലിസ് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it