kozhikode local

ചുരം സത്യഗ്രഹ സമരം സി മോയിന്‍കുട്ടി അവസാനിപ്പിച്ചു

താമരശ്ശേരി: ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന യുഡിഎഫ് ഉന്നത നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെ ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, യുഡിഎഫ് നിയമസഭാ ഉപകക്ഷി നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ, കെ മുരളീധരന്‍ എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടത്. സമര ആവശ്യങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് നടപടി സ്വീകരിച്ചു തുടങ്ങിയതായും ചുരം വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ യുഡിഎഫ് ഉന്നത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. സമര ആവശ്യങ്ങള്‍ യുഡിഎഫ് സംസ്ഥാന നേതൃത്വവും യുഡിഎഫ് നിയമസഭാ കക്ഷിയും ഏറ്റെടുത്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരനായകന്‍ സി മോയിന്‍കുട്ടി അറിയിച്ചു. സമര ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതു വരെ സമര സമിതിയുടെ പ്രവര്‍ത്തനം തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ വി ഡി ജോസഫും കണ്‍വീനര്‍ വി കെ ഹുസൈന്‍കുട്ടിയും അറിയിച്ചു. സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശം യുഡിഎഫ് നിയോഗിച്ച പ്രത്യേക പ്രതിനിധിയായി എത്തിയ കെപിസിസി ജന. സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു സമരവേദിയിലെത്തി നേരിട്ട് അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് സമരത്തിന് പരിസമാപ്തിയായത്. സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ ഭാഗമായി സി മോയിന്‍കുട്ടിയെ ആനയിച്ചുകൊണ്ട് അടിവാരം ടൗണില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it