kozhikode local

ചുരം ബദല്‍ റോഡ്; സംയുക്ത സര്‍വേ നടത്തി

താമരശ്ശേരി: പതിറ്റാണ്ടുകളായുള്ള വയനാടന്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമായി നിര്‍ദേശിക്കപ്പെട്ട പുതിയ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ സംയുക്ത സര്‍വെ. ജനകീയ ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും അടങ്ങിയ സംഘമാണ് സംയുക്ത സര്‍വെ നടത്തിയത്.
ദേശീയ പാതയിലെ വെസ്റ്റ് കൈതപ്പൊയിലില്‍ നിന്നും ആരംഭിച്ച് മണല്‍വയല്‍, വളള്യാട്, മൂപ്പന്‍കുഴി എന്നി പ്രദേശങ്ങളിലൂടെ ചുരം ഏഴാം വളവിലെത്തുന്ന ബൈപ്പാസ് റോഡാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്നത്. മൂപ്പന്‍കുഴി വരെ റോഡ് നിലവുള്ളതും മൂപ്പന്‍കുഴി മുതല്‍ ഏഴാം വളവ് വരെ സ്വകാര്യ ഭൂമിയിലൂടെ റോഡ് നിര്‍മിക്കാമെന്നതുമാണ് പുതിയ ബൈപ്പാസിന്റെ പ്രത്യേകത. ഏഴാം വളവിന് സമീപം നിലിലെ റോഡിലേക്ക് പ്രവേശിക്കാന്‍ ഏതാനും മീറ്റര്‍ വനഭൂമി മാത്രമാണ് ആവശ്യമായുള്ളത്. നിലവിലെ നിയമ പ്രകാരം ഇത് നേടിയെടുക്കാന്‍ കഴിയുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍ പറഞ്ഞു.രണ്ട് മലകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ആര്‍ച്ച് മോഡല്‍ പാലം നിര്‍മിക്കുന്നതോടെ വലിയ കയറ്റം ഇല്ലാതാവും. ഏഴാം വളവില്‍ നിന്നും ലക്കിടിയിലേക്കുള്ള മൂന്നു കീലോമീറ്ററിന് പകരം ഒരു കിലോമീറ്റര്‍ തുരങ്ക പാത നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഇല്ലാതാവും.
ഇത് പ്രായോഗികമല്ലെങ്കില്‍ നിലവിലുള്ള റോഡ് ഏഴാം വളവ് മുതല്‍ ലക്കിടി വരെ വീതി കൂട്ടി നാലുവരി പാതയാക്കിയും ഗതാഗതക്കുരുക്ക് അഴിക്കാനാവും. ഇതിനായി വന ഭൂമി വിട്ടു കിട്ടേണ്ടതുണ്ട്. നേരത്തെ നിര്‍ദ്ധേശിക്കപ്പെട്ട ബദല്‍ റോഡികളെക്കാള്‍ പ്രായോഗിമായ നിര്‍ദേശമാണ് ഇപ്പോഴത്തേതെന്നും വന ഭൂമി വിട്ടു കിട്ടുന്നതിന് തടസ്സം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ കെ സുനില്‍ കുമാര്‍ പറഞ്ഞു.പുതിയ റോഡ് നിര്‍മിക്കേണ്ട ഏഴാം വളവ് മുതല്‍ മൂപ്പന്‍കുഴി വരെയാണ് ആദ്യ ഘട്ടത്തില്‍ സര്‍വെ നടത്തിയത്. ദേശീയ പാതാ വിഭാഗം, വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ചുരം റോഡിനൊരു ബദല്‍ റോഡെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതോടെ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it