Kollam Local

ചുടിനെ ചെറുക്കാന്‍ ട്രാഫിക് പോലിസുകാര്‍ക്ക് നാരങ്ങാവെള്ളം

കൊല്ലം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ഡ്യൂട്ടിയിലുള്ള ട്രാഫിക്ക് പോലിസുകാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന ഡിജിപി ടി പി സെന്‍കുമാറിന്റെ സര്‍ക്കുലര്‍ ജില്ലയില്‍ ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങി. പോലിസുദ്യോഗസ്ഥര്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകിട്ടു നാലുവരെയുള്ള സമയത്തു നാലു പ്രാവശ്യമെങ്കിലും വെള്ളം അല്ലെങ്കില്‍ നാരങ്ങാവെള്ളം നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇതനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നാരങ്ങാവെള്ളം നല്‍കി. വെള്ളം, നാരങ്ങാവെള്ളം എന്നിവ നല്‍കുന്നതിന്റെ പണം പോലിസിന്റെ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ടില്‍നിന്നാണ് വിനിയോഗിക്കുന്നത്. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം. സംസ്ഥാനത്ത് താപനില വളരെയധികം കൂടിയ സാഹചര്യത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലിസുകാര്‍ക്കു സൂര്യാഘാതമേറ്റതായി റിപോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പോലിസുകാരുടെ സുരക്ഷയ്ക്കായാണു വെള്ളം നല്‍കുന്നതെന്നും കഠിനമായ സൂര്യാതപം നിലനില്‍ക്കുന്ന സമയങ്ങളില്‍ മാത്രമാണു വെള്ളവും നാരങ്ങാവെള്ളവും നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് എഡിജിപി, ഐജി, ജില്ലാ പോലിസ് മേധാവികള്‍ എന്നിവര്‍ക്കു ഡി—ജിപി സര്‍ക്കുലര്‍ നല്‍കിയത്.
Next Story

RELATED STORIES

Share it