ചുംബനത്തെരുവ് റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് ലേഖകന് പോലിസ് മര്‍ദ്ദനം

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ലേഖകന്‍ പി അനീബിന് ടൗണ്‍ പോലിസിന്റെ ക്രൂര മര്‍ദ്ദനം. രാവിലെ സെന്‍ട്രല്‍ ലൈബ്രറി പരിസരത്തു നിന്ന് കസ്റ്റഡിയിലെടുത്ത അനീബിനെ സ്‌റ്റേഷനില്‍ എത്തിച്ചാണ് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. പോലിസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ അനീബ് സമര വേദിയില്‍ എത്തുമ്പോള്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരനും കവിയുമായ അജിത് എം പച്ചനാടിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഞാറ്റുവേല പ്രവര്‍ത്തകരെ ഹനുമാന്‍ സേനക്കാരും മഫ്ടി പോലിസും കൈയേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് അനീബിനെ കസ്റ്റഡിയില്‍ എടുത്തതും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതും.
ഞാറ്റുവേല പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് പോലിസ് ഉദ്യോഗസ്ഥനാണ് എന്ന് അറിയാതെയാണ് അനീബ് തടയാനെത്തിയത്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റേഷനിലെത്തിച്ച തന്നെ പോലിസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് അനീബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്നേയും നവ മാധ്യമ പ്രവര്‍ത്തകരായ വിജിത്ത്, ശരത് എന്നിവരേയും സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുമ്പോള്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കേരള പോലിസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് മര്‍ദ്ദിക്കുന്നവരെ പ്രോല്‍സാഹിപ്പിച്ചതായും അനീബ് പറഞ്ഞു.
പിന്നീട്, എസിപിയുടെ മുന്നില്‍ ഹാജരാക്കിയതായും തന്നെയും കുടുംബത്തേയും ശരിയാക്കുമെന്ന് എസിപി ഭീഷണിപ്പെടുത്തിയതായും അനീബ് പറഞ്ഞു. മഫ്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ ആഷിഖിനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ കൈയേറ്റം ചെയ്തു എന്ന പരാതിയില്‍ അനീബിനെതിരെ കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി അനീബിനെ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it