ചുംബനത്തെരുവിനെ നേരിടാന്‍ ഹനുമാന്‍ സേനയ്‌ക്കൊപ്പം മഫ്ടി പോലിസും

കോഴിക്കോട്: ഇന്നലെ നഗരത്തില്‍ നടന്ന ചുംബനത്തെരുവിനെ കായികമായി നേരിടാന്‍ ഹനുമാന്‍ സേനയ്‌ക്കൊപ്പം മഫ്ടി പോലിസും. ഞാറ്റുവേല സാംസ്‌കാരിക സംഘം നടത്തുന്ന ചുംബനത്തെരുവിനെ കായികമായി നേരിടുമെന്ന് ഹനുമാന്‍ സേന നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും, സംഘര്‍ഷാവസ്ഥ പരിഗണിച്ച് അവരെ പിന്തിരിപ്പിക്കുന്നതിനു പകരം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘാടകരെ കൈയേറ്റം ചെയ്യുകയാണ് പോലിസ് ചെയ്തത്. ഹനുമാന്‍ സേനക്കാരേയും മഫ്ടി പോലിസുകാരേയും തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു പോലിസ് നടപടി.
ഔദ്യോഗിക ചുമതലകളില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ പാലിക്കണമെന്ന കേരള പോലിസ് ആക്റ്റ്, പോലിസ് മാന്വല്‍, വിവിധ സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്നലത്തെ പോലിസ് നടപടി. കേരള പോലിസ് ആക്റ്റ് 36 (4), 43 (5) വകുപ്പുകളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ നിര്‍ബന്ധമായും യൂനിഫോം ധരിച്ചിരിക്കണമെന്നും, 25 മീറ്റര്‍ അകലെവച്ച് ഒരാള്‍ക്ക് യൂനിഫോം കണ്ട് അത് പോലിസുകാരനാണെന്ന് തിരിച്ചറിയാനാവണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പോലിസ് മാന്വല്‍ വോള്യം രണ്ട് അധ്യായം 15 റൂള്‍ 391 (1) പ്രകാരവും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഇടപെടുന്ന പോലിസ് ഉദ്യോഗസ്ഥര്‍ യൂനിഫോം ധരിച്ചിരിക്കണം. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി വിവരം അറിയിക്കുക എന്നത് മാത്രമാണ് മഫ്ടി പോലിസ് ഉദ്യോഗസ്ഥരുടെ ചുമതല. ഇവര്‍ യൂനിഫോമിലല്ലാതെ, നേരിട്ട് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് നിയമത്തിനും, സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it