ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യത്തിന് അപേക്ഷ

കൊച്ചി: ചീഫ് സെക്രട്ടറി ജിജി തോംസനെതിരേ ഹൈക്കോടതിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അപേക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന തരത്തില്‍ പ്രസംഗിച്ചത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ എം കമാലുദ്ദീനാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി മുഖേന അപേക്ഷ നല്‍കിയത്.
2015 നവംബര്‍ 26ന് കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടന്ന സര്‍ക്കാര്‍ ചടങ്ങിലെ പ്രസംഗം കോടതിയലക്ഷ്യമാണെന്നാണ് അപേക്ഷയില്‍ പറയുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടന്ന 'ജനസൗഹൃദ ഭരണം' പരിപാടിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രസ്താവന. ഹൈക്കോടതി പണക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് പരാതി. പാവപ്പെട്ടവന്റെ കെട്ടിടങ്ങളാണെങ്കില്‍ പൊളിക്കാന്‍ തടസ്സമില്ലെന്നും സമ്പന്നന്റെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഒരുങ്ങുമ്പേഴേക്കും കോടതി ഉത്തരവും സ്‌റ്റേ ഉത്തരവുമുണ്ടാവുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പൊതുജനം ഗൗരവത്തിലെടുക്കും. മാത്രമല്ല, പ്രസ്താവന ഉണ്ടായത് റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോടതി നടപടികളെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കാനാണ് പ്രസംഗം ഉപകരിച്ചിട്ടുള്ളത്. പണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സംവിധാനമാണ് കോടതിയെന്ന തോന്നലാണ് ഈ പ്രസ്താവന ഉണ്ടാക്കുന്നത്. കോടതിയെയും നീതി നിര്‍വഹണ സംവിധാനത്തെയും അവഹേളിക്കുന്ന പ്രസ്താവനയാണ് ചീഫ് സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും അപേക്ഷയില്‍ പറയുന്നു.
Next Story

RELATED STORIES

Share it