ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സ്ഥാനമൊഴിഞ്ഞു

കൊച്ചി: സുപ്രിംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞു. ഇന്നലെ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സഹ ജഡ്ജിമാരും നിയമ ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്ന് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ യാത്രയയപ്പ് നല്‍കി. ഭരണഘടനാ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുകയെന്നതാണ് കോടതിയുടെ ദൗത്യമെന്ന് മറുപടിപ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ 2014 ജൂലൈ 10നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ കേരള ഹൈക്കോടതിയില്‍ എത്തുന്നത്. ആഗസ്ത് ഒന്നിന് ആക്റ്റിങ് ചീഫ് ജസ്റ്റിസായി. പിന്നീട് 2015 മാര്‍ച്ച് 26 മുതല്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
ഇതിനിടെയാണു സുപ്രിംകോടതി ജഡ്ജിയായി നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവുണ്ടായത്. ഇന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടതിനാല്‍ ഇന്നലെ കൊച്ചിയിലെത്തി ഔദ്യോഗികമായി ചുമതല ഒഴിയുകയായിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നതുവരെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ചീഫ് ജസ്റ്റിസിന്റെ ചുമതല നിര്‍വഹിക്കും.
Next Story

RELATED STORIES

Share it