ചീഫ് ജസ്റ്റിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു

മുഹമ്മദ് സാബിത്ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരേ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച അപേക്ഷ തള്ളിയ സുപ്രിംകോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു രംഗത്ത്. വിധി പ്രതിഷേധാര്‍ഹമാണെന്ന് തന്റെ ബ്ലോഗിലും ഫേസ്ബുക് പേജിലും എഴുതിയ കുറിപ്പില്‍ കട്ജു വ്യക്തമാക്കി.മോദിയെ പരസ്യമായി പ്രശംസിച്ച, ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ചീഫ് ജസ്റ്റിസില്‍ നിന്ന് മറ്റൊരു വിധി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കട്ജു പറഞ്ഞു. എച്ച് എല്‍ ദത്തു ചീഫ് ജസ്റ്റിസായി നിയമിതനാവുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ഫയലുകള്‍ താന്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രിയായിരുന്ന രവി ശങ്കര്‍ പ്രസാദിന് അയച്ചു കൊടുത്തിരുന്നുവെന്ന് കട്ജു പറഞ്ഞു.

ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെതിരേ കടുത്ത അഴിമതി ആരോപണങ്ങളുമായി ജസ്റ്റിസ് കട്ജു നേരത്തെ രംഗത്തെത്തിയിരുന്നു. മെയ് 14ന് 'ദത്തുവിനെ അന്വേഷിക്കണം' എന്ന പേരില്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ജസ്റ്റിസ് ദത്തു തന്റെ ഔദ്യോഗിക ജീവിതത്തിനിടെ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള തെളിവുകളടങ്ങിയ രേഖകള്‍ ചിലരില്‍ നിന്ന് തനിക്കു കിട്ടിയതായും ആ രേഖകളുടെ പകര്‍പ്പുകള്‍ സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനും ജുഡിഷ്യല്‍ അക്കൗണ്ടബിലിറ്റി കമ്മിറ്റി അംഗവുമായ ശാന്തി ഭൂഷണ്‍, അന്നത്തെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ടൈംസ് ഓഫ് ഇന്ത്യ,  ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ക്കും നല്‍കിയതായും കട്ജു എഴുതിയിരുന്നു. എന്നാല്‍, ആരുടെ ഭാഗത്തുനിന്നും തുടര്‍നടപടി ഉണ്ടായില്ല.

ജസ്റ്റിസ് ദത്തുവിനെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടാവാമെന്നാണു നിഗമനമെന്നും ജസ്റ്റിസ് കട്ജു തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.ജനുവരിയില്‍ നടന്ന ഒരു ചടങ്ങില്‍ നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനും ദീര്‍ഘദൃഷ്ടിയുള്ള നേതാവുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.സുഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഇശ്‌റത് ജഹാന്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ താന്‍ സമര്‍പ്പിച്ച ഹരജിയില്‍ അമിത്ഷായെ കൂടി കക്ഷി ചേര്‍ക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തള്ളിയത്.
Next Story

RELATED STORIES

Share it