palakkad local

ചീനാമ്പുഴ കരകവിഞ്ഞൊഴുകി: മേലാര്‍കോട് 80 ഹെക്റ്ററില്‍ നെല്‍കൃഷി നശിച്ചു

ആലത്തൂര്‍: മഴയില്‍ മേലാര്‍കോട് കൃഷിഭവനുകീഴില്‍ 80 ഹെക്ടറില്‍ നെല്‍കൃഷി നശിച്ചു. മഴയും, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അധികമായി തുറന്നതും കൂടിയായതോടെയാണ് വലിയ തോതില്‍ നെല്‍കൃഷിയ്ക്ക് നാശമുണ്ടായത്.ചീനാമ്പുഴയും, പാടശേഖരങ്ങളിലൂടെ ഒഴുകുന്ന തോടുകളും പല ഭാഗങ്ങളിലും കരകവിഞ്ഞ് നെല്‍പ്പാടങ്ങളിലൂടെയാണ് പരന്നൊഴുകിയത്. ചെളിയും, വെള്ളത്തിന്റെ കുത്തൊഴുക്കും മൂലം നെല്‍ച്ചെടികള്‍ വീഴുകയും, ഒലിച്ചുപോവുകയും ചെയ്തു. കഴനിച്ചിറ, മുതുകുന്നി, നെല്ലിയാമ്പാടം, കേനാത്തപ്പാടം, വട്ടോമ്പാടം, കടമ്പിടി പാടശേഖരങ്ങളിലാണ് നെല്‍കൃഷി വ്യാപകമായി നശിച്ചത്. പുഴയില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ചതുമൂലം വട്ടോമ്പാടത്ത് ഒരേക്കല്‍ കൃഷിസ്ഥലത്ത് മണ്ണ് കയറി. പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള തോടുകള്‍ മിക്ക ഭാഗങ്ങളിലും ബണ്ട് പൊട്ടിയിട്ടുണ്ട്. വഴുതനകുണ്ട് ഭാഗത്ത് 250 മീറ്ററിലധിം ദൂരത്തിലാണ് ബണ്ട് ഇല്ലാതായത്.കതിരു വരുന്ന സമയത്താണ് നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലായത്. ആറു ദിവസം പൂര്‍ണ്ണമായും വെള്ളം പരന്നൊഴുകിയതിനാല്‍ ഒന്നാം വിള നെല്‍കൃഷി ഇനി വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചീനാമ്പുഴയില്‍ നെല്‍പ്പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച 22 മോട്ടോര്‍ ഷെഡ്ഡുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതിലുള്ള മോട്ടോറുകളും വെള്ളത്തില്‍ ദിവസങ്ങളോളം കിടന്നതിനാല്‍ നശിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it