ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം തുറന്നുവിട്ടു

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടുതുടങ്ങി. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ 13നു തടയണ സന്ദര്‍ശിച്ചപ്പോഴാണ് ഒരു ദിവസം മുമ്പേ ഉടമ തന്നെ വെള്ളം ഒഴുക്കിവിട്ടതായി കണ്ടത്. തടയണയുടെ ഒരു ഭാഗത്തുകൂടി നിലവില്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഇവിടെ ആഴവും വീതിയും സ്ഥലമുടമ തന്നെ കൂട്ടിയതായും വിദഗ്ധസംഘം കണ്ടെത്തി.
ദുരന്തസാധ്യത നിലനില്‍ക്കുന്നതിനാല്‍ തടയണയിലെ വെള്ളം സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ രണ്ടാഴ്ചയ്ക്കകം പൂര്‍ണമായി ഒഴുക്കിവിടണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ആക്ടിങ് ചീഫ്ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് 10നു നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 12നു മലപ്പുറം കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് തടയണയിലെ വെള്ളം ഒഴുക്കിവിടാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പെരിന്തല്‍മണ്ണ ആര്‍ ഡിഒ അജീഷ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി സലീം, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന സംഘം 13ന് സ്ഥലപരിശോധന നടത്തിയപ്പോഴാണ് വെള്ളം നേരത്തേ ഒഴുക്കിവിടുന്നതായി അറിഞ്ഞത്.
പ്രദേശത്ത് തുടര്‍ച്ചയായുള്ള ശക്തമായ മഴ നിലച്ച ശേഷം അപകടമുണ്ടാകാതെ വെള്ളം പൂര്‍ണമായി ഒഴുക്കിവിടാനുള്ള മറ്റു മാര്‍ഗങ്ങളും സ്വീകരിക്കും. വീണ്ടും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി. ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞു തടയണ കെട്ടിയത്. ഇതു പൊളിച്ചുനീക്കാന്‍ 2015 സപ്തംബര്‍ 7ന് അന്നത്തെ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
തടയണ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതിയില്‍ വീണ്ടും വിദഗ്ധസംഘത്തിന്റെ സ്ഥലപരിശോധനയും തെളിവെടുപ്പും നടത്തി കഴിഞ്ഞ ഡിസംബര്‍ 8ന് ദുരന്തനിവാരണ നിയമപ്രകാരം മലപ്പുറം കലക്ടര്‍ തടയണ 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടററുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവായ അബ്ദുല്‍ ലത്തീഫിന്റെ ഹരജിയില്‍ തടയണ പൊളിക്കുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഏഴു മാസമായിട്ടും സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി എംഎല്‍എയുടെ തടയണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ എം പി വിനോദാണ് തടയണ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് തടയണയിലെ വെള്ളം അടിയന്തരമായി ഒഴുക്കിവിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it