ചീങ്കണ്ണിപ്പാലയിലെ നിര്‍മാണപ്രവൃത്തി നിയമലംഘനം

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ചീങ്കണ്ണിപ്പാലയി ല്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങള്‍ ടൂറിസം പദ്ധതിയി ല്‍ ഉള്‍പ്പെട്ടതാണെന്നു പ്രചരിപ്പിച്ച് നടത്തുന്ന സമരങ്ങള്‍ക്കു പിന്നില്‍ ഭൂമാഫിയ ഏര്‍പ്പെടുത്തിയ ഇവന്റ്്മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന് ആരോപണം ഉയരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി കെ അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലാണ് നിര്‍മാണം നടക്കുന്നത്. പദ്ധതിക്കനുകൂലമായ ജനപക്ഷ കൂട്ടായ്മ രൂപപ്പെടുത്താനും അനുകൂല സമരപരിപാടികള്‍ നടത്താനും വിവിധ ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമാഫിയകളായ ബിനാമികളെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ മേഖലയില്‍ ഉള്ളവരാണ്. സി കെ ലത്തീഫിന്റെ ഉടമസ്ഥയില്‍ കക്കാടംപൊയിലില്‍ പ്രദേശത്തിനടുത്ത് ഊര്‍ങ്ങാട്ടിരി വില്ലേജില്‍ ചീങ്കണ്ണിപ്പാലയിലെ ഭൂമിയില്‍ നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി 2017 ജൂലൈ മൂന്നിന് ഉത്തരവിറക്കിയിരുന്നു. അനധികൃത ബോട്ട് ക്ലബ്ബിനും അമ്യൂസ്‌മെന്റ് പാര്‍ക്കിനും വേണ്ടിയുള്ള ബണ്ട്, കോണ്‍ക്രീറ്റ്, പില്ലര്‍ ട്രസ്സ് എന്നിവ പൊളിച്ചുനീക്കാനായിരുന്നു നിര്‍ദേശം. ഇതു വൈകിപ്പിച്ചത് ഭൂമാഫിയയുടെ ഇടപ്പെടലാണെന്ന് ആരോപണമുയരുന്നു. സി കെ അബ്ദുല്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ റസ്‌റ്റോറന്റ്, ലോഡ്ജ് എന്നിവയ്ക്കുള്ള 478.36 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിടനിര്‍മാണത്തിന് നല്‍കിയ അപേക്ഷയുടെ മറവിലാണ് അനധികൃതമായി തടയണ നിര്‍മാണം നടന്നിട്ടുള്ളത്. പഞ്ചായത്ത് ചട്ടപ്രകാരം നിയമ ലംഘനം നടന്നത് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടായിരുന്നു പൊളിച്ചുനീക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് ജില്ലാ കലക്ടര്‍ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാലയില്‍ നടക്കുന്ന അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്ന് സ്ഥലം ഉടമയായ സി കെ അബ്ദുല്‍ ലത്തീഫ് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it