malappuram local

ചീക്കോട് ശുദ്ധജല പദ്ധതി ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കൊണ്ടോട്ടി: രണ്ട് പതിറ്റാണ്ടിനു ശേഷം മലബാറിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ചീക്കോട് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കല അക്കാദമിയില്‍ നടക്കുന്ന പരിപാടിയില്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് അധ്യക്ഷനാവും.
ഐ ടി -വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടി, പട്ടിക ജാതി-ടൂറിസം മന്ത്രി എപി അനില്‍കുമാര്‍, ന്യൂനപക്ഷ മന്ത്രി മഞ്ഞളാം കുഴി അലി, എം പിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമ ചന്ദ്രന്‍, എം ഐ ഷാനവാസ്, എളമരം കരീം പങ്കെടുക്കും.
1996ല്‍ തുടക്കമിട്ട പദ്ധതി വിവിധ കാരണങ്ങളാല്‍ മുടങ്ങിയതായിരുന്നു. കൊണ്ടോട്ടി മണ്ഡലത്തിലും കുഴിമണ്ണയിലും രാമനാട്ടുകര നഗരസഭയിലും ഒരാള്‍ക്ക് 70 ലിറ്റര്‍ പ്രതിദിനം എന്ന നിരക്കില്‍ എല്ലാവര്‍ക്കും ജലം ലഭിക്കും. ആവശ്യമായ ജലം ചാലിയിറില്‍ നിന്ന് രായിന്‍കോട് മലയിലെ ശുദ്ധീകരണ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ടാങ്കുകളിലേക്ക് എത്തിക്കുന്നത്. രായിന്‍കോട് മല, ചുള്ളിക്കോട്, പരതക്കാട്, കോമ്പറമ്പ്, മുണ്ടകശ്ശേരി, പുളിക്കല്‍, ചേപ്പിലിക്കുന്ന് എന്നീ പ്രദേശങ്ങളിലായി ഏഴ് ജലസംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇതില്‍ മൂന്ന് ടാങ്കുകളിലും വെളളമെത്തിച്ചിട്ടുണ്ട്. ഏഴ് ടാങ്കുകളിലേക്കുള്ള പമ്പിങ് മെയിനുകളും പമ്പ് സൈറ്റ്, ട്രാന്‍സ്‌ഫോമര്‍, 20 കിലോമീറ്റര്‍ നീളത്തിലുള്ള അയേണ്‍ വിതരണ പൈപ്പുകളും പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചു. 45,000 വീടുകള്‍ക്ക് വെള്ളം നല്‍കാന്‍ കഴിയും. ആവശ്യപ്പെടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം വിതരണം ചെയ്യും.
Next Story

RELATED STORIES

Share it