malappuram local

ചീക്കോട് കുടിവെള്ള പദ്ധതി : രൂപരേഖ തയ്യാറാക്കും



കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് രൂപരേഖ തയ്യാറാക്കാന്‍ ധാരണ. സംസ്ഥാന ധനകാര്യ, ജലവിഭവ മന്ത്രിമാരുടെ സാനിധ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്തുനടന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി പൂര്‍ത്തീകരണത്തിന് രൂപരേഖ തയ്യാറാക്കാന്‍ ധാരണയായത്്. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധിയിലായ ചീക്കോട് പദ്ധതി ഇതോടെ ഉടന്‍ പൂര്‍ത്തീകരിക്കും. പഞ്ചായത്തുകളിലെ വിതരണകുഴല്‍ ശൃംഖല സ്ഥാപിക്കുന്ന ജലനിധി ജൂണ്‍ പത്തിനകം സര്‍വേ പൂര്‍ത്തീകരിക്കും. വൈകാതെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് പ്രവൃത്തി തുടങ്ങും. കൊണ്ടോട്ടി നഗരസഭയില്‍ വിതരണലൈന്‍ സ്ഥാപിക്കുന്നതിന് കിഫ്ബി ധനസഹായം നല്‍കും. 61.4 കോടി രൂപ അനുവദിക്കാമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വാഗ്ദാനം ചെയ്തു. വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് ഓരോ പഞ്ചായത്തിനും മൂന്ന് കോടിയോളം രൂപ ചെലവ് വരും. ഈ തുക വായ്പയായി അനുവദിക്കാവുന്നത് പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു. വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കുന്നതിന് ധനസഹായം ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. ടി വി ഇബ്രാഹീം എംഎല്‍എ മുന്‍കൈയെടുത്ത് വിളിച്ച യോഗത്തില്‍ ധനമന്ത്രിയെ കൂടാതെ ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലനിധി ഡയറക്ടര്‍മാരായ പ്രേംലാല്‍, അരുണ്‍രാജ്, ജല അതോറിറ്റി ടെക്‌നിക്കല്‍ മെംബര്‍ രവീന്ദ്രന്‍, പ്രദീപ് കുമാര്‍, ഹാരിസ്, നഗരസഭാ അധ്യക്ഷന്‍ സി കെ നാടിക്കുട്ടി, ജില്ലാപഞ്ചായത്തംഗങ്ങളായ പി ആര്‍ രോഹില്‍നാഥ്, സറീന ഹസീബ്, പി എ നസീറ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it