ചിഹ്നം ഏതെന്നറിയാതെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം

മലപ്പുറം: കലാശക്കൊട്ടൊക്കെ തകൃതിയായി പൂര്‍ത്തിയാക്കിയെങ്കിലും മലപ്പുറത്തെ ചില വാര്‍ഡുകളിലെങ്കിലും വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം. യുഡിഎഫിലാണ് ആശങ്കകള്‍ക്കൊപ്പം ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍. നേതൃതലത്തില്‍ ഒരൊറ്റ പ്രസ്താവം 'ഒരു പ്രശ്‌നവുമില്ല. ഇപ്പ ശരിയാക്കി തരാം.'
വോട്ടെടുപ്പ് ഇന്നാണ്. വോട്ടര്‍മാര്‍ ആശയക്കുഴപ്പത്തിലായത് പരിഹരിക്കാന്‍ ഒരു നേതാവിനും സമയം കിട്ടുന്നില്ല. 'ഇപ്പ ശരിയാക്കാ' എന്നത് പാഴ്‌വാക്കാവുന്നു.
കൈയും കോണിയുമാണ് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. മലപ്പുറത്തെ ഏതു വാര്‍ഡിലും ഏതു വോട്ടര്‍ക്കും ഈ രണ്ടു ചിഹ്നങ്ങള്‍ തികച്ചും കാണാപാഠം. എന്നിട്ടും ആശയക്കുഴപ്പം തീരുന്നില്ല ഇക്കുറി.
വാഴക്കാട് പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ അന്തിമ നിശ്ശബ്ദ പ്രചാരണത്തിന് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു വോട്ട് കോണിക്കു ചെയ്‌തേക്കരുത്. പക്ഷേ, കക്കോവ് ഡിവിഷനിലെത്തുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ കോണിക്കു ഞെക്കാനും ആവശ്യപ്പെടുന്നു. ഇടതുപക്ഷത്തിന്റെ സ്വതന്ത്രന് ക്ലോക്ക് ചിഹ്നത്തില്‍ ചെയ്യാനും ആവശ്യപ്പെടുന്നു. വോട്ടര്‍ ഇടതും വലതും തിരിച്ചറിയാതെ പരിഭ്രമത്തിലായി.
നന്നമ്പ്ര പഞ്ചായത്തില്‍ കഥ നേരെ മറിച്ചാവുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണിക്ക് വോട്ടു ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുന്നു. 17 പഞ്ചായത്തുകളില്‍ ഈ കോണി നിര്‍ബന്ധം കോണ്‍ഗ്രസുകാര്‍ വാശിയോടെ നിര്‍വഹിക്കുന്നു. പോരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് 17 വാര്‍ഡുകളില്‍ കൈപ്പത്തിയില്‍ വോട്ടവകാശപ്പെടുമ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ എതിര്‍ പ്രചാരണം. ലീഗ് ബന്ധുക്കളോട് നിര്‍ബന്ധിക്കുന്നു കൈപ്പത്തിക്ക് വോട്ട് ചെയ്‌തേക്കരുത്. വണ്ടൂര്‍ ഡിവിഷനില്‍ കൈയ്ക്കു ചെയ്യണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നു.
പോളിങ് കഴിഞ്ഞ കോഴിക്കോട് -വയനാട് ജില്ലകളിലും രഹസ്യമായി പലേടത്തും ഇത്തരം ചില അടിയൊഴുക്കുകള്‍ ഉണ്ടായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, സിപിഎമ്മുമായി ചിലയിടത്ത് ധാരണയുണ്ടാക്കിയപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ മുസ്‌ലിം ലീഗിന്റെ സഹായംതേടി. സിപിഎം പ്രവര്‍ത്തകരും മുസ്‌ലിം ലീഗുകാരും രഹസ്യമായി ചില വാര്‍ഡുകളില്‍ മല്‍സരിച്ചു. അത്തരം രഹസ്യ വേഴ്ചകള്‍ മറ്റു പാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it