ചില വിചിത്ര രാഷ്ട്രീയ വിചാരങ്ങള്‍

വെട്ടും തിരുത്തും -  പി എ എം ഹനീഫ്
സത്യത്തില്‍ കേരളത്തില്‍ സംഭവിച്ചതെന്താണ്? കോണ്‍ഗ്രസ് കക്ഷി അതിന്റെ ചരിത്രത്തിലെ അതിഭീകര തകര്‍ച്ചയ്ക്കു സാക്ഷിയാവാന്‍ പോവുകയാണോ? കേരളത്തില്‍ രണ്ടാമൂഴം അച്യുതമേനോന്‍ ഒഴികെ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല എന്നിരിക്കെ ഇപ്പോഴത്തെ മൃദുഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രിക്ക് രണ്ടാമൂഴം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് കളമൊരുക്കുകയാണോ? യുഡിഎഫ് ഘടകകക്ഷി എന്ന നിലയ്ക്ക് മുസ്‌ലിം ലീഗിന് കള്ളനു കഞ്ഞിവച്ചവനായ മാണിസാറിനെ യുഡിഎഫില്‍ വേണമെന്ന് എന്താണിത്ര നിര്‍ബന്ധം? ഉമ്മന്‍ചാണ്ടി സ്വമനസ്സാലേ സ്വീകരിച്ചതാണ് ഹൈക്കമാന്‍ഡ് കനിഞ്ഞുനല്‍കിയ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിത്വം എന്നത് ഒരു കള്ളക്കഥയുടെ പ്രവേശിക തന്നെയല്ലേ? ചോദ്യങ്ങള്‍ പലതാണ്. എല്ലാ ഹിന്ദുക്കളും കൂടി, അതായത് വിജയന്‍, ബാലകൃഷ്ണന്‍, രമേശ് എന്നിവര്‍, സംഘ് അനുകൂല നിലപാട് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടപ്പില്‍ വരുത്തില്ല എന്നതിന് എന്തെങ്കിലുമൊരു ഉറപ്പുണ്ടോ? ഇല്ല. അമിത് ഷാജിയും മോദിജിയും കുമ്മനം ജിയെ ഗവര്‍ണറാക്കിയതും ഇനി വരാന്‍ പോവുന്ന ബിജെപി അധ്യക്ഷന്‍ ആരാണെന്നതും കൂട്ടി വായിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ബിജെപി പങ്കാളിത്തത്തോടെ ഒരു ഭരണം എന്ന് ചില ഹിന്ദുത്വവാദികള്‍ ചിലരെങ്കിലും കനവില്‍ കാണുന്നുണ്ടോ?
കര്‍ണാടകയില്‍ സൂചിക്കും കുഴയ്ക്കും ഇടയിലാണ് യെദ്യൂരപ്പ തടിയൂരിയതെങ്കിലും കുമാരസ്വാമി സര്‍ക്കാരിന് അധികം ആയുസ്സൊന്നും ആരും നല്‍കുന്നില്ല. എ കെ ആന്റണി ഒരുതരം പൊട്ടന്‍ കളിക്കുന്നുവോ? കാരണമുണ്ട്. കോണ്‍ഗ്രസ്സുകാരനൊപ്പം വേദി പങ്കിടില്ലെന്ന് ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടുപോലും. പറഞ്ഞിരിക്കാം. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കുടിക്കും എന്നു പറഞ്ഞവര്‍ ഇവിടില്ലേ? അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല എന്നത് കേരളത്തിലൊരു രാഷ്ട്രീയ ഭീമാചാര്യന്‍ പറഞ്ഞുവച്ചതാണ്. ശരിയാണ്. സിപിഎം പോളിറ്റ്ബ്യൂറോ കോണ്‍ഗ്രസ്സിന് അയിത്തം കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പോയതിനെ, രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കേരളത്തിലെ സിപിഎം നേതാക്കള്‍ മുന്‍നിരയിലുണ്ടാവുമെന്ന് ആന്റണി പറഞ്ഞത് പഴയ ചൊരുക്കു തീര്‍ക്കാനായിരിക്കാം.
2024 വരെ താനായിരിക്കും പ്രധാനമന്ത്രിയെന്ന് മോദിജി പറയുമ്പോള്‍ അണിയറയില്‍ കോപ്പുകൂട്ടുന്നത് കേരളത്തിലും പാര്‍ലമെന്റംഗം ബിജെപിക്കുണ്ടാവണം എന്ന ഒരിക്കലും നടപ്പാക്കാനാവാത്ത സുന്ദരസ്വപ്‌നമാണ്. ആ സ്വപ്‌നം സഫലീകരിക്കാന്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികളിലെ ഹിന്ദുക്കള്‍ മോദിജിക്ക് അച്ചാരം നല്‍കിയോ? അച്ചാരം നല്‍കിയാല്‍ തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് എന്നീ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങള്‍ അമിത്ഷാജിക്ക് സ്വപ്‌നം കാണാം. രാജേട്ടന്‍ എംഎല്‍എ ആയി തിരുവനന്തപുരത്ത് വിലസുന്നത് കോണ്‍ഗ്രസ് വോട്ട് നേടിയാണ് എന്നത് വാസ്തവം.
അത്യന്തം വിചിത്രമായ ഈ മുന്നണിനിഗൂഢതകളില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് ഏതോ കറാമത്തിലൂടെ ദര്‍ശനം ലഭിച്ചുവെന്നതാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. രമേശനെ തള്ളി ഉമ്മന്‍ചാണ്ടിയെ തന്നെ മുഖ്യമന്ത്രിയാക്കാനും കെ എം മാണിക്കൊരു ഉപമുഖ്യമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രിപദം തന്നെയോ നല്‍കാനും ഉദ്ദേശ്യങ്ങള്‍ ഉണ്ടാവാം.
കെ എം മാണിയെ മുസ്‌ലിം ലീഗ് വിശ്വസിക്കുന്നതിന്റെ ലോജിക്കാണ് മനസ്സിലാവാത്തത്. രാജ്യസഭയില്‍ നിന്ന് ജോസ് കെ മാണിക്ക് അമിത്ഷാജി ഒരു പാലം മന്ത്രിക്കസേരയിലേക്ക് ഇട്ടുകൊടുത്താല്‍ മാണി അതു സ്വീകരിക്കില്ലെന്നാണോ കുഞ്ഞാലിക്കുട്ടി നിരീക്കുന്നത്? സുധീരന്‍ അതാണു ചോദിക്കുന്നത്. പറയൂ മാണിസാര്‍, താങ്കള്‍ ബിജെപിയില്‍ ചേരില്ലെന്ന്. അതും മറക്കാം. ബാബരി മസ്ജിദ് പൊളിഞ്ഞപ്പോള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാനെന്ന ലേബലില്‍ കോണ്‍ഗ്രസ്സിനെ വലംകാല്‍ കൊണ്ടു ചവിട്ടാതെ പാവം സുലൈമാന്‍ സേട്ടിനെ പടിയടച്ചു പിണ്ഡം വച്ച ലീഗിലെ ആശാന്‍മാര്‍ക്ക് ബിജെപിയുമായി സഹകരിച്ചാലും മന്ത്രിയായാല്‍ മതി എന്ന സ്വപ്‌നത്തിനും ചിറകു മുളച്ചേക്കും. കേരളാ കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ ചില സൂചനകളില്‍ അതുമുണ്ട്. മാണിക്ക് മുന്നണിയില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍, രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ തങ്ങള്‍ യുഡിഎഫ് വിടും എന്ന് കുഞ്ഞാലിക്കുട്ടി ശഠിച്ചത് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ ആലോചിച്ചു തന്നെയോ!                        ി
Next Story

RELATED STORIES

Share it