Flash News

ചില കണ്ടുപിടിത്തക്കാര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു: അന്‍സാരി

ചില കണ്ടുപിടിത്തക്കാര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു: അന്‍സാരി
X

ന്യൂഡല്‍ഹി: ചില കണ്ടുപിടിത്തക്കാര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അവര്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം ഗോപണ്ണ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ മുമ്പ് ടൈംമെഷീന്‍ എന്നൊരു പുസ്തകം എഴുതപ്പെട്ടിരുന്നു. ഒരുതരം സാങ്കേതികവിദ്യ വഴി ഒരാള്‍ക്ക് ഭൂതകാലത്ത് എന്താണ് സംഭവിച്ചിരിക്കാന്‍ ഇടയുള്ളതെന്ന് അറിയാന്‍ സാധിക്കുന്ന ആശയങ്ങളാണതില്‍. ആ പുസ്തകം വലിയ വിജയമായിരുന്നു. എന്നാല്‍ ഇന്ന് മറ്റൊരു കുട്ടം കണ്ടുപിടിത്തക്കാര്‍ ഒരു ടൈം മെഷിന്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ചരിത്രത്തിലേക്ക് പോവുകയും ചരിത്രം മാറ്റിയെഴുതുകയും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ചരിത്രം തിരുത്തിയെഴുതാനാവില്ല. ചരിത്രം ചരിത്രമാണ്. അതു വായിക്കുകയും പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം-അന്‍സാരി പറഞ്ഞു.

കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ചരിത്രം മാറ്റിയെഴുതുന്നുവെന്ന് പ്രതിപക്ഷം അടിക്കടി ആരോപിക്കുന്ന സാഹചര്യത്തില്‍ അന്‍സാരിയുടെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നു. നെഹ്‌റുവിനെ കുറിച്ചുള്ള പുസ്തകം നമ്മുടെ പൈതൃകത്തിന് ലഭിച്ച വിലപ്പെട്ട സംഭാവനയാണെന്ന് അന്‍സാരി പറഞ്ഞു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it