thiruvananthapuram local

ചിലക്കൂര്‍ വള്ളക്കടവില്‍ മണ്‍സൂണ്‍ സീസണ്‍ കൊഴുക്കുന്നു



വര്‍ക്കല: മണ്‍സൂണ്‍ സീസണ്‍ ശക്തി പ്രാപിച്ചതോടെ ചിലക്കൂര്‍ വള്ളക്കടവ് തുറയ്ക്ക് പ്രതീക്ഷയുടെ പെരുമഴക്കാലം. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മല്‍സ്യ ലഭ്യതയില്‍ ആനുപാതിക മാറ്റം ഉണ്ടാകുന്നതായി കടല്‍ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. മലവെള്ളപ്പാച്ചിലും പുഴവെള്ളവും ഇറങ്ങി കടല്‍ കലങ്ങി മറിഞ്ഞതോടെ വിവിധ ഇനം മല്‍സ്യങ്ങള്‍ ആവശ്യാനുസരണം വലയില്‍പെടുന്നുണ്ട്. പരവ ഇനത്തില്‍പെട്ട മല്‍സ്യങ്ങള്‍ക്ക് പുറമെ കോര, താട, ചെങ്കവല, ചാള എന്നിവയാണ് ഏറ്റക്കുറച്ചിലോടെ ലഭിക്കുന്നത്. സാധാരണഗതിയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാണപ്പെടുന്ന കണവയും ചെമ്മീനും നെയ്‌ത്തോലിയും ഇനിയും എത്തിയിട്ടില്ല.  ചിലക്കൂര്‍ തുറയില്‍ ഏതാണ്ട് 30ലധികം യന്ത്രവല്‍കൃത ഫൈബര്‍ ബോട്ടുകളാണുള്ളത്. ഇതിന് പുറമെ നാമമാത്രമായ കമ്പവലയും 120ലധികം കട്ടമരവും പരമ്പരാഗത മല്‍സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. തീരത്തും പരിസര പ്രദേശങ്ങളിലുമായി ആറായിരത്തില്‍പരം കടല്‍തൊഴിലാളികളാണുള്ളത്. എന്നാല്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ തന്നെ കടല്‍ക്ഷോഭവും  പേമാരിയും മറ്റും തീരമേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. കടലപകടങ്ങള്‍ താരതമ്യേന കൂടുതലുള്ള മേഖലയാണ് ചിലക്കൂര്‍ തീരക്കടല്‍. തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്ക് നടുവില്‍ വര്‍ക്കല കോടി എന്നറിയപ്പെടുന്ന കുന്നുകള്‍ക്കിടയിലാണ് ഈ തീരമേഖലയുള്ളത്. ചിലക്കൂര്‍ തീരത്തിന്റെ ഇരുവശങ്ങളിലും നിലവിലുള്ള വന്‍മലകളാണ് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കാറ്റ്, കടല്‍ക്ഷോഭം, സുനാമി തുടങ്ങി പ്രകൃതി ഭരണ ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തീരദേശ വില്ലേജ് തലത്തില്‍ ആവിഷ്‌കരിച്ച് ആധുനിക സാങ്കേതിക സംവിധാനം മണ്ഡലത്തിലെ തീരദേശ വില്ലേജുകളില്‍ പ്രവര്‍ത്തന സജ്ജമല്ല. രൂക്ഷമായ പേമാരിയും കടല്‍ക്ഷോഭവും ഉള്ള അവസരങ്ങളില്‍ പോലും യാതൊരുവിധ മുന്നറിയിപ്പുകളും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് തീരവാസികള്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it