wayanad local

ചിറ്റാലൂര്‍ക്കുന്നില്‍ വീടുകളിലെ രക്തക്കറ;പിന്നില്‍ മദ്യപിച്ചെത്തിയ യുവാവ്‌



നടവയല്‍: ചിറ്റാലൂര്‍ക്കുന്നിലെ നാലു വീടുകളില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പനമരം പോലിസ്. മദ്യലഹരിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറിയ യുവാവാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എള്ളക്കാട്ട് കോളനിയിലെ എംവി മഹേഷി(21)നെ കസ്റ്റഡിയിലെടുത്തു. മഹേഷ് മദ്യലഹരിയില്‍ ജനല്‍ച്ചില്ല് തകര്‍ത്തപ്പോള്‍ സംഭവിച്ച കാലിലെ മുറിവാണ് ചോരക്കറകള്‍ക്ക് പിന്നിലെന്നു പോലിസ് പറഞ്ഞു. പനമരം എസ്‌ഐ ഉബൈദത്ത്, സിപിഒ ബിനോയി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് നടവയല്‍ ഗ്രാമത്തയാകെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ പറപ്പള്ളി മത്തായിയുടെ വീട്ടിലാണ് ആദ്യം രക്തക്കറ  കാണുന്നത്. വീടിന്റെ മുറ്റത്തും ശുചിമുറിയുടെ പരിസരത്തുമെല്ലാം രക്തക്കറ കാണുകയുണ്ടായി. എന്നാല്‍, മത്തായി ഇതത്ര ഗൗരവമായെടുത്തില്ല. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം തൊട്ടടുത്ത സ്ഥലത്തെ ചെമ്പകശ്ശേരി ഇന്ദിര വിജയന്റെ വീട്ടിലും രക്തം തളംകെട്ടിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. ഇന്ദിരയുടെ വീട് ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തൊട്ടു താഴെയുള്ള കോളനിയിലെ രണ്ടു വീടുകളിലും ചെറിയ രീതിയില്‍ രക്തക്കറ കണ്ടെത്തി. ഈ സംഭവത്തോടെ മത്തായി പനമരം പോലിസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും വിരലടയാള വിഗഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃഗരക്തമാണോ മനുഷ്യരക്തമാണോ എന്ന കാര്യം തിരിച്ചറിയുന്നതിനായി സാംപിള്‍ ലാബിലേക്കയക്കുകയും ചെയ്തു. മനുഷ്യരക്തമാണെന്ന് ഉറപ്പായതോടെ പോലിസ് സമീപത്തെ വീടുകളും കോളനികളും വിവിധ ആശുപത്രികളും കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മുറിവുകളുമായി ആരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഒടുവില്‍ എള്ളക്കാട്ട് കോളനിയിലെ മഹേഷിലെത്തി. ഇന്നലെ രാവിലെയാണ് മഹേഷിനെ പോലിസ് കണ്ടെത്തുന്നത്. ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അന്നേദിവസം ഇന്ദിരയുടെ ആളൊഴിഞ്ഞ വീട്ടിലെത്തി മദ്യം കഴിക്കുകയും അമിത മദ്യലഹരിയില്‍ ജനല്‍ച്ചില്ല് കല്ലെടുത്ത് തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ചില്ല് തട്ടി കാല്‍പ്പാദം മുറിഞ്ഞു. എന്നാല്‍ മദ്യലഹരിയിലായിരുന്ന മഹേഷ് ഇക്കാര്യം ശ്രദ്ധിക്കാതെ മറ്റ് വീടുകളുടെ പരിസരത്തെല്ലാം കറങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it