kasaragod local

ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ്സുകാരുടെ പോരാട്ടം

ചിറ്റാരിക്കാല്‍: രണ്ട് മഹിളാ സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍ മല്‍സരിക്കുന്ന ചിറ്റാരിക്കാലില്‍ ഇക്കുറി തീപാറുന്ന മല്‍സരം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡ ന്റ് ശാന്തമ്മ ഫിലിപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യനും തമ്മിലാണ് മല്‍സരം. ബിജെപിയിലെ ശാരദ ചന്ദ്രനും മല്‍സര രംഗത്തുണ്ട്.
പരപ്പ ബ്ലോക്കിലെ മാലോം, കോട്ടമല, ചിറ്റാരിക്കാല്‍, കമ്പല്ലൂര്‍, എളേരി തുടങ്ങിയ ബ്ലോക്ക് ഡിവിഷനുകള്‍ ഉള്‍പ്പെടുന്നതാണ് ചിറ്റാരിക്കാല്‍ ജില്ലാ ഡിവിഷന്‍. 67,290 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ മറ്റ് ഡിവിഷനുകളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയും വിമത സ്ഥാനാര്‍ഥിയും മല്‍സരിക്കുന്നുവെന്ന പ്രത്യേകതയും ഈ ഡിവിഷനുണ്ട്. ചിറ്റാരിക്കാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇവര്‍ ഇപ്പോള്‍ കെപിസിസി നിര്‍വാഹക സമതി അംഗമാണ്. പാലാവയല്‍ തോട്ടയംചാല്‍ സ്വദേശിനിയായ ഇവര്‍ നേരത്തെ ചിറ്റാരിക്കാല്‍ ഡിവിഷനില്‍ നിന്നും മല്‍സരിച്ചിരുന്നു.
എല്‍ഡിഎഫ് പിന്തുണയോടെ പൊതുസ്വതന്ത്രയായി ജനവിധി തേടുന്ന ഷേര്‍ളിസെബാസ്റ്റ്യന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കൂടിയാണ്. വ്യാപാരികളിലും വനിതകളിലുമുള്ള ഇവരുടെ പിന്തുണ കണക്കിലെടുത്ത് കോണ്‍ഗ്രസ് വിമതയായി മല്‍സരിക്കുന്ന ജനാധിപത്യ വികസന മുന്നണിയാണ് ഇവരെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ നേതൃത്വം നല്‍കുന്ന ജനകീയ വികസന മുന്നണിയുടെ സ്വാധീനം കണക്കിലെടുത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ എന്ന നിലയിലും ഉള്ള സ്വാധീനം കണക്കിലെടുത്ത് മണ്ഡലത്തില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശാന്തമ്മ ഫിലിപ്പ്. പ്രചാരണ രംഗത്ത് ശക്തമായ മുന്നേറ്റം നടത്താന്‍ ജനകീയ വികസന മുന്നണി ശ്രമം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it