thiruvananthapuram local

ചിറയിന്‍കീഴ് താലൂക്കില്‍ സൗജന്യ അരിവിതരണത്തില്‍ ക്രമക്കേട്

വി ജി പോറ്റി കിളിമാനൂര്‍

കിളിമാനൂര്‍: എല്ലാ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ചിറയിന്‍കീഴ് താലൂക്കില്‍ വലിയൊരു വിഭാഗം കടകളിലും അരി വിതരണം ചെയ്യുന്നില്ല.
എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും, എഎവൈ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും സൗജന്യമായി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ചിറയിന്‍കീഴ് താലൂക്കില്‍ 350 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങളിലായി 29632 ബിപിഎല്‍ കാര്‍ഡുകളും 10,674 എഎവൈ കാര്‍ഡുകളും നിലവിലുണ്ട്.
ഈ മാസം 4 തുടങ്ങിയ ആഴ്ചയിലും 11 തുടങ്ങിയ ആഴ്ചയിലും സൗജന്യ അരി വിതരണം ചെയ്തിട്ടില്ലന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. താലൂക്കിലെ മൊത്തവിതരണ ഡിപ്പോകളില്‍ സൗജന്യ വിതരണത്തിനുള്ള അരി എത്തുകയും അത് ചില്ലറ വ്യാപാര വിതരണ കേന്ദ്രത്തിലേക്ക് യഥാസമയം മാറ്റുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കാര്‍ഡുടമകള്‍ ഡിപ്പോകളില്‍ എത്തി അരി ആവശ്യപ്പെടുമ്പോള്‍ പല ന്യായങ്ങളും നിരത്തി അരി നല്‍കാറില്ലന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് ആഴ്ചയിലെ അരിയാണ് നഷ്ടമായിരിക്കുന്നത്.
അതേസമയം ഡീലര്‍മാരായി തര്‍ക്കിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് അരി നല്‍കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ എങ്ങനെ ബില്ലെഴുതണം, എത്ര കിലോ നല്‍കണം എന്നൊന്നും വ്യക്തത ഇല്ലെന്നും അതിനാലാണ് അരി നല്‍കാത്തതെന്നും ചില്ലറ വ്യാപാരികളുടെ പക്ഷം.
എന്നാല്‍ ഇതിനു പിന്നില്‍ വലിയ അഴിമതി ഉണ്ടന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഒരു വിഭാഗം ചില്ലറ വ്യാപാരികളും സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തു കളിയാണന്നാണ് ആരോപണം.
കാര്‍ഡ് ഉടമകളുടെ പേരില്‍ ചിലവെഴുതി മാറ്റി അരി കരിഞ്ചന്തയില്‍ മറിച്ചു വില്‍പ്പനയാണ് ലക്ഷ്യമെന്നുമാണ് കാര്‍ഡ് ഉടമകള്‍ പറയുന്നത്. 40,000 കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യമായി അരി വിതരണം ചെയ്യേണ്ടത്. അതായത് ഓരോ ആഴ്ചയിലും 1,000 ടണ്‍ അരി.
പകുതിയിലധികം പേര്‍ക്ക് അരി കൊടുക്കാതിരുന്നാല്‍ തന്നെ 500 ടണ്‍ അരി കരിഞ്ചന്തയിലേക്ക് പോകും. ഒരു കിലോ അരി കരിഞ്ചന്തയില്‍ 20 രൂപയ്ക്കു വിറ്റാല്‍ തന്നെ ഒരു കോടിയുടെ ബിസിനസ് നടക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it