Kottayam Local

ചിറക്കടവ് പഞ്ചായത്തില്‍ ആധുനിക രീതിയിലുള്ളശ്മശാന നിര്‍മാണം പുരോഗമിക്കുന്നു

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ ആധുനിക സൗകര്യമുള്ള പൊതുശ്മശാനത്തിന്റെ നിര്‍മാണം പുരോഗതിയില്‍. ചേപ്പുംപാറയിലെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം നിര്‍മിക്കുന്നത്. 1.5 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് പഴയ ശ്മാശനത്തെ ആധുനിക രീതിയിലേക്ക് മാറ്റുന്നത്. രണ്ടും മൂന്നും സെന്റ് ഭൂമിയുള്ള പാവങ്ങള്‍ക്ക് മൃതദേഹം മറവു ചെയ്യാന്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതിനെ തുടര്‍ന്നാണ് ആധുനിക രീതിയുള്ള പൊതുശ്്മശാനം ഇവിടെ ഒരുങ്ങുന്നത്. സമീപ പഞ്ചായത്തുകളിലൊന്നും തന്നെ പൊതുശ്മശാനമില്ലാത്തതും ഈ ശ്്മശാനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 52 ലക്ഷം രൂപയും, ലോക ബാങ്കിന്റെ വിഹിതത്തില്‍ നിന്ന് 45 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജില്ലാ പഞ്ചായത്തില്‍ നിന്നും 25 ലക്ഷം രൂപ വീതവും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ശ്്മാശാനത്തില്‍ പീഠം, മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടം, കുഴല്‍കിണര്‍, പുകക്കുഴല്‍, മൃതദേഹം ദഹിപ്പിക്കാനുള്ള പെട്ടി, പ്രവേശന കവാടം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നതിനായി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയാണ് ഉപയോഗിക്കുന്നത്. പരമാവധി ഒന്നര മണിക്കൂറു കൊണ്ട് മൃതദേഹം ഭസ്മമാവുന്ന രീതിയിലുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. പരിസര മലീനീകരണവും ദുര്‍ഗന്ധവും ഒഴിവാക്കാനുമായി പുക വെള്ളത്തിലൂടെ കടത്തിവിട്ടാണ് പുറത്തേക്കു കടത്തിവിടുന്നത്. ഇതിനാല്‍ തന്നെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ പരിസരവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
Next Story

RELATED STORIES

Share it