Flash News

ചിറകടിച്ച് പറന്ന് കാനറികള്‍ പ്രീക്വാര്‍ട്ടറില്‍, അടുത്ത എതിരാളി മെക്‌സിക്കോ

ചിറകടിച്ച് പറന്ന് കാനറികള്‍ പ്രീക്വാര്‍ട്ടറില്‍, അടുത്ത എതിരാളി മെക്‌സിക്കോ
X


മോസ്‌കോ: ഗ്രൂപ്പ് ഇയില്‍ ചാംപ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഗ്രൂപ്പ് ഇയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് കോസ്റ്റാറിക്ക മല്‍സരം 2-2 സമനിലയിലും കലാശിച്ചു.
പ്രീക്വാര്‍ട്ടറിലേക്ക് ഒരു സമനില മാത്രം വേണ്ടിയിരിക്കെ 4-2-3-1 ഫോര്‍മാറ്റില്‍ ബ്രസീല്‍ ബൂട്ടണിഞ്ഞപ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെയിറങ്ങിയായിരുന്നു സെര്‍ബിയ തന്ത്രം മെനഞ്ഞത്. പന്തടക്കത്തില്‍ തുടക്കം മുതല്‍ മുന്നിട്ട് നിന്ന മഞ്ഞപ്പട തുടക്കം മുതലേ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ 10ാം മിനിറ്റില്‍ത്തന്നെ തിരിച്ചടി നല്‍കി സൂപ്പര്‍ താരം മാഴ്‌സലോ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ ഫിലിപ്പ് ലൂയിസ് പകരക്കാരനായെത്തി. 25ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും നെയ്മറും നടത്തിയ മുന്നേറ്റം നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോകുന്നു. ബോക്‌സില്‍ നിന്ന് നെയ്മര്‍ തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. 29ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഗബ്രിയേല്‍ ജീസസും പാഴാക്കി. കൗണ്ടര്‍ അറ്റാക്കിലൂടെ ലഭിച്ച പന്തിനെ ഏകനായി മുന്നേറിയ ജീസസ് തൊടുത്ത ഷോട്ട് സെര്‍ബിയന്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ 36ാം മിനിറ്റില്‍ ബ്രസീല്‍ അക്കൗണ്ട് തുറന്നു. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന കോട്ടീഞ്ഞോ നല്‍കിയ പാസിനെ ഓടിയെടുത്ത പൗലീഞ്ഞോ സെര്‍ബിയന്‍ ഗോള്‍കീപ്പറുടെ തലക്ക് മുകളിലൂടെ കോരി വലയിലെത്തിക്കുകയായിരുന്നു. 1-0ന് ബ്രസീല്‍ മുന്നില്‍. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഒരു ഗോളിന്റെ ആധിപത്യം നിലനിര്‍ത്തിയാണ് മഞ്ഞപ്പട പിരിഞ്ഞത്.
രണ്ടാ പകുതിയില്‍ ശക്തമായ പ്രകടനമാണ് സെര്‍ബിയ പുറത്തെടുത്തത്. ബ്രസീല്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച സെര്‍ബിയന്‍ താരങ്ങള്‍ മഞ്ഞപ്പടയുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍ അവസരോചിത തിരിച്ചുവരവ് നടത്തിയ ബ്രസീല്‍ 68ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. നെയ്മറുടെ കോര്‍ണര്‍ കിക്കിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ തിയാഗോ സില്‍വ വലയിലെത്തിക്കുകയായിരുന്നു.  86ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം നെയ്മര്‍ കളഞ്ഞുകുളിച്ചു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 2-0ന്റെ ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ചാംപ്യന്‍മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്‌സിക്കോയാണ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ എതിരാളികള്‍.
ഗ്രൂപ്പ് ഇയില്‍ നടന്ന കോസ്റ്റാറിക്ക - സ്വിറ്റ്‌സര്‍ലന്‍ഡ് മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചു.  സ്വിസ് ടീമിന് വേണ്ടി 31ാം മിനിറ്റില്‍ ഡിമൈലിയും 88ാം മിനിറ്റില്‍ ഡ്രിമിക്കും വല കുലുക്കിയപ്പോള്‍ 56ാം മിനിറ്റില്‍ വാട്‌സണും 93ാം മിനിറ്റില്‍ റൂയിസുമാണ് കോസ്റ്റാറിക്കയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. സമനില പിടിച്ചെങ്കിലും കോസ്റ്റാറിക്ക നാലാം സ്ഥാനക്കാരായി പുറത്തുപോയപ്പോള്‍ അഞ്ച് പോയിന്റോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫ് ചാംപ്യന്‍മാരായ സ്വീഡനാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it