ചിബോക്കിലെ പെണ്‍കുട്ടികളുടെ മോചനം; ബോക്കോ ഹറാമുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തില്‍ ചിബോക്കില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോക്കോ ഹറാമുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി.
വിശ്വസിക്കാവുന്ന ഒരു നേതാവിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ബോക്കോ ഹറാം തയ്യാറാവുകയാണെങ്കില്‍ മുന്‍ വ്യവസ്ഥകളൊന്നുമില്ലാതെ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാവും. ചിബോക്കില്‍ നിന്ന് 200ലധികം പെണ്‍കുട്ടികളെയാണ് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു സംഭവം. പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തതിന്റെ പേരിലും ബോക്കോ ഹറാമിന്റെ വളര്‍ച്ചയ്ക്കു കാരണമായെന്ന ആരോപണത്തിന്റെ പേരിലും മുന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥനെതിരേ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ മെയ് മാസത്തിലാണു ബുഖാരി അധികാരത്തിലേറിയത്. രഹസ്യാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ എവിടെയാണെന്നോ അവര്‍ക്ക് എന്തു സംഭവിച്ചെന്നോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു ബുഖാരി അറിയിച്ചിരുന്നു. അടുത്ത മാസങ്ങളിലായി ബോക്കോ ഹറാമും സര്‍ക്കാര്‍ സൈന്യവുമായി പോരാട്ടം നടന്നുവരികയാണ്.
ഏതാനും പെണ്‍കുട്ടികളെ ബോക്കോ ഹറാം മോചിപ്പിച്ചിരുന്നെങ്കിലും അതില്‍ ചിബോക്കില്‍ നിന്നു തട്ടിക്കൊണ്ടുപോയവര്‍ ഉണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it