ernakulam local

ചിന്മയ വിദ്യാലയങ്ങളുടെ ദേശീയ കായികമേള തുടങ്ങി

കൊച്ചി: ചിന്മയ വിദ്യാലയങ്ങളുടെ ദേശീയ കായികമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആതിഥേയരായ വടുതല ചിന്മയ വിദ്യാലയത്തിലെ അഭിജിത്ത് പി ഘോഷ് (4:57.5 മിനിറ്റ്) സ്വര്‍ണം നേടി. ന്യൂഡല്‍ഹി വസന്ത് വിഹാര്‍ ചിന്മയ വിദ്യാലയത്തിലെ പുല്‍കിത്ത് സന്‍സരിവാള്‍ (5:03.5 മിനിറ്റ്), കോട്ടയം ചിന്മയയുടെ സനീഷ് എസ് നായര്‍ (5:10.5മിനിറ്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 16 വയസില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ കോലഴി ചിന്മയ വിദ്യാലയത്തിലെ പി ബി സിദ്ധാര്‍ഥന്‍(4:48) നാണ് സ്വര്‍ണം. വെള്ളാപ്പള്ളി ചിന്മയ വിദ്യാലയത്തിലെ ഗോകുല്‍ ഗോപന്‍ (4:52), ചിന്മയ തൃപ്പൂണിത്തുറയിലെ അമൃതേഷ് മിനാര്‍ (5:03) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് മീറ്റിന്റെ ദീപശിഖ പ്രയാണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്നു കായികതാരങ്ങളുടെ കൈകളിലൂടെ മൈതാനം ചുറ്റിയെത്തിയ ദീപശിഖ പ്രത്യേകം തയാറാക്കിയ വേദിയില്‍ സ്ഥാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ വിദ്യാഭ്യാസ സെല്‍ ഡയറക്ടര്‍ സ്വാമിനി വിമലാനന്ദ, ചീഫ് സേവക് എ ഗോപാലകൃഷ്ണന്‍, കെസിഎ പ്രസിഡന്റ് ടി സി മാത്യു, വടുതല ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായാ മോഹന്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്‍ ആര്‍ പൈ സംസാരിച്ചു. തുടര്‍ന്ന് വടുതല ചിന്മയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ഇന്നു രാവിലെ 8.30നു 19 വയസില്‍ താഴെ ആണ്‍കുട്ടികളുടെ ലോങ്ജംപ് ഫൈനല്‍ മല്‍സരത്തോടെ മത്സരങ്ങള്‍ ആരംഭിക്കും. വിവിധ വിഭാഗങ്ങളില്‍ 400 മീറ്റര്‍ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ഇനം.
Next Story

RELATED STORIES

Share it